കൊച്ചി | കൊച്ചിയില്‍ പുറംകടലില്‍ മുങ്ങിയ എല്‍സ 3 എന്ന ചരക്ക് കപ്പലില്‍ നിന്നും എണ്ണയും ഡീസലും ഉള്‍പ്പെടെയുള്ളവ ഇതുവരെയും നീക്കംചെയ്യാത്തത് കേരളത്തിന് ആശങ്കയായി മാറുകയാണ്. കഴിഞ്ഞ മെയ് 25 നാണ് എല്‍സ 3 കടലില്‍ മുങ്ങിത്താണത്. നാളെ ഒരു മാസം തികയുകയാണ്. ഇതുവരെയും കപ്പലിലെ വസ്തുക്കള്‍ നീക്കം ചെയ്യാനുള്ള നടപടി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ചെയ്തിട്ടില്ല. ജൂലൈ 3 നു മുന്‍പ് നീക്കം ചെയ്യണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അന്ത്യ ശാസനം നല്‍കിയിട്ടുള്ളത്.
മുങ്ങിയ കപ്പലില്‍ 367 ടണ്‍ സള്‍ഫറും എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് അപകടാവസ്ഥയിലാണ്. 12 കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണ്. മറ്റൊരു കണ്ടെയ്നറില്‍ ആന്റി ഓക്സിഡന്റ് റബ്ബര്‍ കെമിക്കലുമുണ്ട്. ഇവ തീരക്കടലില്‍ വെള്ളവുമായി രാസപ്രവര്‍ത്തനം നടന്നാല്‍ കേരളാ തീരത്തിന്റെ പരിസ്ഥിതിയെ ബാധിക്കുമെന്ന് ഉറപ്പാണ്.
എണ്ണ നീക്കം ചെയ്യാനും കപ്പലിന്റെ അവശിഷ്ടങ്ങളും മാരക രാസ പദാര്‍ഥങ്ങള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ നീക്കം ചെയ്യാനുമായി വന്ന ടി ആന്‍ഡ് ടി സാല്‍വേജ് എന്ന കമ്പനി പണി നിര്‍ത്തി വച്ച് പോയിക്കഴിഞ്ഞു.കടലിന്റെ അടിത്തട്ടില്‍ ഏകദേശം 54 മീറ്റര്‍ ആഴത്തില്‍ കിടക്കുന്ന കപ്പലില്‍നിന്ന് സാധനങ്ങള്‍ ശേഖരിക്കാനുള്ള മതിയായ സാങ്കേതിക പരിജ്ഞാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പിന്മാറിയത്.
കഴിഞ്ഞ ജൂണ്‍ 12 നു ഇവരുടെ മുങ്ങല്‍ വിദഗ്ധര്‍ കടലിന്റെ അടിത്തട്ടില്‍ എത്തി ചോര്‍ച്ചയുണ്ടായിരുന്ന എണ്ണ ടാങ്കിലെ പൈപ്പുകള്‍ സീല്‍ ചെയ്യുകയും ഇതിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് സാല്‍വേജ് ടീം പിന്‍മാറിയത്. ഇത് ദുരൂഹമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കടല്‍ ശാന്തമാവുന്ന മുറയ്ക്ക് പുതിയ സാല്‍വേജ് ടീമിനെ എത്തിക്കാമെന്നാണ് ഇപ്പോള്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി പറയുന്നത്.