മലപ്പുറം | വിവിധ കമ്പനികളുടെ 40,000 ല്‍ അധികം സിം കാര്‍ഡുകളും 180ല്‍ അധികം മൊബൈല്‍ ഫോണുകളും 6 ബയോമെട്രിക് സ്‌കാനറുകളും കണ്ടെടുത്തു. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് സിം കാര്‍ഡ് എത്തിച്ചു കൊടുക്കുന്നയാളെ കര്‍ണാടകയിലെ മടിക്കേരിയില്‍നിന്ന് മലപ്പുറം സൈബര്‍ പൊലീസ് പിടികൂടി. ഡല്‍ഹി സ്വദേശിയായ അബ്ദുല്‍ റോഷന്റെ (46) അറസ്റ്റ് കൂടുതല്‍ തട്ടിപ്പു സംഘങ്ങളെ പുറത്തുകൊണ്ടു വന്നേക്കും.
ഓഹരിവിപണിയുടെ വ്യാജ വെബ്‌സൈറ്റ് വഴി 1.08 കോടി രൂപ നഷ്ടപ്പെട്ട വേങ്ങര സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ റോഷന്‍ പിടിയിലായത്. വേങ്ങര സ്വദേശിയുടെ പണം തട്ടിയ സംഘത്തിന് ഇയാളാണ് സിം എത്തിച്ചു നല്‍കിയതെന്നു ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്‍ പറഞ്ഞു. ഒരു മൊബൈല്‍ കമ്പനിയുടെ സിം വിതരണക്കാരനാണ് പ്രതി. ഇയാള്‍ക്കു ബന്ധമുള്ള റീട്ടെയില്‍ ഷോപ്പുകളില്‍ സിം കാര്‍ഡ് എടുക്കാന്‍ എത്തുന്നവരുടെ ഫിംഗര്‍പ്രിന്റ് ബയോമെട്രിക് സ്‌കാനറുകളില്‍ ഒന്നിലധികം തവണ എടുത്തശേഷം അതുപയോഗിച്ച് ഉപഭോക്താവിന്റെ പേരില്‍ അവരറിയാതെ വേറെ സിം കാര്‍ഡുകള്‍ എടുത്താണ് ഇയാള്‍ തട്ടിപ്പു സംഘങ്ങള്‍ക്ക് എത്തിച്ചിരുന്നത്.