തിരുവനന്തപുരം | പ്രതിദിനം ശേഖരിക്കുന്ന നാലു ടണ്‍ ജൈവ മാലിന്യത്തെ യന്ത്രം പിഴിഞ്ഞ് വെള്ളവും ചണ്ടി(അവശിഷ്ടങ്ങള്‍)യും വേര്‍തിരിക്കും. അതുകഴിയുമ്പോള്‍ അവശിഷ്ടങ്ങള്‍ നാനൂറു കിലോയിലേക്ക് ചുരുങ്ങും. അവയാകട്ടെ, പതിനഞ്ചു ദിവസത്തിനുള്ളില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി വളമാക്കി മാറ്റുന്നു. സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റില്‍ (ഇ.ടി.പി) ശുചീകരിക്കപ്പെടുന്നതിനാല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റു ആവശ്യങ്ങള്‍ക്കോ വെള്ളം ഉപയോഗിക്കുകയോ അല്ലെങ്കില്‍ ഡ്രെയിനേജ് സംവിധാനത്തിലേക്ക് ഒഴുക്കാനോ സാധിക്കും.

വികേന്ദ്രീകൃത രീതിയില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മാലിന്യം സംസ്‌കരിക്കാന്‍ ലഭ്യമായ പലതരം സംവിധാനങ്ങളുടെ പരീക്ഷണങ്ങള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുരോഗമിക്കുകയാണ്. അവയിലൊന്നാണിത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിദിനം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് അഞ്ഞൂറു ടണ്ണിലധികം മാലിന്യമാണ്. അതിന്റെ ഏഴുപതു ശതമാനത്തോളം അഥവാ 350 ടണ്ണോളം ജൈവ മാലിന്യമാണ്. ഇതിനെ വികേന്ദ്രീകൃത അടിസ്ഥാനത്തില്‍ സംസ്‌കരിക്കുന്ന രീതിയാണ് നിലവില്‍ തിരുവനന്തപുരം നഗരസഭ പിന്തുടരുന്നത്. കിച്ചന്‍ ബിന്‍ അടക്കമുള്ളവ വീടുകളിലെ ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ ലഭ്യമാക്കിയിട്ടുണ്ട്. വലിയ തോതില്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്ന ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങിയവ അവരുടെ ജൈവ മാലിന്യത്തിന്റെ അളവിനനുസരിച്ചുള്ള സംസ്‌കരണ ഉപാധി ഒരുക്കണമെന്നാണ് വ്യവസ്ഥ. ഇത്തരം സംവിധാനങ്ങള്‍ പുര്‍ണ്ണതോതില്‍ ആയിട്ടില്ലെന്നു മാത്രമല്ല, ഇന്നും നഗരത്തിന്റെ പല ഭാഗത്തും മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നത് തുടരുകയുമാണ്.

ഉറവിട മാലിന്യ സംസ്‌കരണം പുര്‍ണ്ണതോതില്‍ എത്തിയിട്ടില്ലെന്ന് നഗരസഭയും തിരിച്ചറിയുന്നു. അതിനാല്‍തന്നെ താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍, വന്‍തോതില്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നവരില്‍ നിന്ന് ജൈവ മാലിന്യം ശേഖരിക്കാന്‍ നഗരസഭ ചില കരാറുകാരെ നിയമിച്ചിട്ടുണ്ട്. ഇവയില്‍ അധികവും പന്നിഫാമുകളാണ്. അവരാകട്ടെ, കേരളത്തിലെ സ്ഥലപരിമിതി കാരണം തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ലൈസന്‍സുള്ള ഈ ഫാമുകളിലേക്ക് കേരളത്തില്‍ നിന്ന് ജൈവമാലിന്യം കൊണ്ടുപോകുന്നതിന് പലവിധ തടസ്സങ്ങളാണ് അടുത്തിടെയായി നേരിടുന്നത്. അതോടെയാണ് പുതിയ സംവിധാനങ്ങളെക്കുറിച്ച് നഗരസഭയുശട ആരോഗ്യ വിഭാഗം ചിന്തിച്ചതും താല്‍പര്യപത്രം ക്ഷണിച്ചതും.
ലഭിച്ച താല്‍പര്യപത്രങ്ങളില്‍ ചിലതിന്റെ പ്രായോഗിക പരീക്ഷണം തലസ്ഥാനത്തു നടന്നുവരുകയാണ്. കൊച്ചിയില്‍ അടക്കം നടപ്പാക്കുന്ന ബ്ലാക്ക് സോള്‍ജിയര്‍ ഫ്‌ളൈ ലാര്‍വ ഉപയോഗിച്ചുള്ള ഖരമാലിന്യ സംസ്‌കരണരീതി, ബയോ സിഎന്‍ജി ഉല്‍പ്പാദനം തുടങ്ങിയ പല രീതികളും നഗരസഭയുടെ വിവിധ മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. നഗരസഭ നിയോഗിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇവയില്‍ ഏറ്റവും അനുയോജ്യമായ ഒരു രീതി അധികം വൈകാതെ നഗരസഭയ്ക്ക് നടപ്പാക്കേണ്ടിവരും.