തിരുവനന്തപുരം | കുമരിച്ചന്ത മേല്‍പാലത്തില്‍ കേന്ദ്രമന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായോ ? നിര്‍ത്തിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച പുനരാംരംഭിച്ചപ്പോള്‍ നാട്ടുകാരും വ്യാപരികളും ചോദിക്കുന്ന ചോദ്യം ഇതാണ്.
നിര്‍മ്മാണ രീതിയിലും അശാസ്ത്രീയതയിലും ആശങ്ക ഉയര്‍ത്തി പരിസരവാസികള്‍ രംഗത്തുവരുകയും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തതോടെയാണ് കഴക്കൂട്ടം കോവളം ബൈപ്പാസ് റോഡില്‍ കുമരിച്ചന്ത ജംഗ്ഷനില്‍ നടന്നുവന്ന ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം അധികൃതര്‍ നിര്‍ത്തിവച്ചത്. ആശങ്കള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ നിവേദനത്തിന് നിര്‍മ്മാണം പുനരാരംഭിക്കുമ്പോഴും വ്യക്തമായ മറുപടി അധികൃതര്‍ നല്‍കിയിട്ടില്ല. സ്ഥലം എം.പി. ശശി തരൂര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ചു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാമെന്ന ഉറപ്പ് മന്ത്രിയില്‍ നിന്നു ലഭിച്ചുവെന്നാണ് അദ്ദേഹം സ്ഥലവാസികളെ അറിയിച്ചത്.
ഇതില്‍ വിശ്വാസമര്‍പ്പിച്ച് പരിസരവാസികള്‍ മുന്നോട്ടു പോകുമ്പോഴാണ്, കരാറുകാരായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍, നേരത്തെ തീരുമാനിച്ചതുപോലെ നിര്‍മ്മാണം വീണ്ടും തുടങ്ങിയിരിക്കുന്നത്. മുകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള അറിയിപ്പോ നിര്‍ദേശമോ ലഭിക്കുന്നതുവരെ നിശ്ചയിച്ചതുപോലെ നിര്‍മ്മാണവുമായി മുന്നോട്ടുപോകാനാണ് പ്രോജക്ട് നിയന്ത്രിക്കുന്നവരുടെയും നിലപാട്.
കഴക്കൂട്ടത്തേതുപോലെ, ചാക്കയിലേതുപോലെ തൂണുകളില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലമാണ് ഇവിടെ വേണ്ടതെന്ന് കോണ്‍ഗ്രസ് കരമന ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.ഇ. അനസ് പറയുന്നു. ജനസാന്ദ്രത കൂടിയ പ്രദേശമാണിത്. വന്‍ഗതാഗത കുരുക്കും അത്രതന്നെ വാഹനങ്ങളും പ്രതിദിനം കടന്നുപോകുന്നു. സംരക്ഷണ ഭിത്തി നിര്‍മ്മിച്ചുള്ള രീതി ഇവിടത്തേക്ക് അനുയോഗ്യമല്ല. ഈ ശൈലിയിലുള്ള നിര്‍മ്മാണം ഭാവിയില്‍ വന്‍തോതില്‍ അറ്റകൂറ്റ പണി വേണ്ടി വരുന്നതും ഇതുപോലൊരു സ്ഥലത്തിനു യോജ്യമല്ലാത്തതുമാണ്. വ്യാപാരികള്‍ക്കും ഇതു ബുദ്ധിമുട്ടു സൃഷ്ടിക്കും. അതിനാല്‍ തന്നെ ആശങ്ക പരിഹരിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത് ജനങ്ങളെ വെല്ലുവിളിക്കലാണ്. ആരും മേല്‍പ്പാലത്തിനു എതിരല്ല. ആശങ്കള്‍ പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസും ആക്ഷന്‍ കൗണ്‍സിലും എല്ലാം ആവശ്യപ്പെടുന്നതെന്നും അനസ് പറയുന്നു. ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അനസ് അടക്കമുള്ളവര്‍ പറയുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ ഗതാഗത നിയന്ത്രണവും സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമ്പലത്തറ ഭാഗത്തുനിന്നും പൂന്തുറ, ഈഞ്ചയ്ക്കല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കരിമ്പുവിള ജംഗ്ഷന്‍ വഴി തിരുവല്ലം ജംഗ്ഷനിലെത്തി യൂടേണെടുത്ത് പൂന്തുറ,ഈഞ്ചയ്ക്കല്‍ ഭാഗത്തേക്ക് പോകണം. അമ്പലത്തറ ഭാഗത്ത് നിന്നും തിരുവല്ലം ഭാഗത്തേക്ക്, കുമരിചന്ത സര്‍വീസ് റോഡുവഴി ചെറുവാഹനങ്ങള്‍ക്ക് മാത്രമെ പോകാനാവൂ.പൂന്തുറ ഭാഗത്ത് നിന്നും അമ്പലത്തറ, തിരുവല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുമരിച്ചന്ത ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡുവഴി പരുത്തിക്കുഴി ജംഗ്ഷനിലെത്തി സര്‍വീസ് റോഡുവഴി പോകണം. ഈഞ്ചയ്ക്കല്‍ ഭാഗത്ത് നിന്നും തിരുവല്ലം ഭാഗത്തേക്ക് പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങള്‍ പരുത്തിക്കുഴി ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡുവഴി പോകണം. കോവളം ഭാഗത്ത് നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് തടസമില്ലാതെ കടന്നുപോകാം.
ചാക്കയ്ക്കും കോവളത്തിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ജംഗ്ഷനിലെ തിരക്കും അപകടങ്ങളും കുറയ്ക്കുന്നതിനും കുമരിച്ചന്ത ഫൈഌഓവര്‍ നിര്‍ണായകമാണ്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 800 മീറ്റര്‍ നീളമുള്ള ഈ പ്രോജക്ടില്‍ 15 മീറ്റര്‍ സംരക്ഷണ ഭിത്തിയും രണ്ടു തൂണുകളുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. 5.5 മീറ്ററാണ് ഉയരം. 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 22 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
kumarichantha-flyover-work-resume ignoring protest