തിരുവനന്തപുരം | കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും വി.എച്ച്.സ്.ഇയിലെ നോണ്‍ വൊക്കേഷനല്‍ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യത നിര്‍ണ്ണയ പരീക്ഷ സെറ്റിന് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഒക്‌ടോബര്‍ 20ന് രാത്രി 12 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ജനുവരി യില്‍ 14 ജില്ലാകേന്ദ്രങ്ങളിലും പരീക്ഷ നടക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ട് ടെക്‌നോളജിയാണ് പരീക്ഷ നടത്തുന്നത്.

രണ്ടു പേപ്പറുകളിലായിട്ടാണ് പരീക്ഷാ ഘടന. പൊതുവിജ്ഞാനവും അധ്യാപന അഭിരുചിയും ഉള്‍പ്പെട്ട ആദ്യ പേപ്പര്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. 31 വിഷയങ്ങളില്‍ നിന്ന് അര്‍ഹതയ്ക്ക് അനുസരിച്ച് തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ പേപ്പര്‍ പി.ജി. നിലവാരത്തിലുള്ളതാണ്.

ഓരോ പേപ്പറിലും 120 മിനിട്ടില്‍ ഉത്തരം നല്‍കേണ്ട 120 ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉണ്ടാകും. ഒരു മാര്‍ക്കാണ്. തെറ്റിയാലും മാര്‍ക്ക് കുറയില്ല. കണക്കിനും സ്റ്റാറ്റിസ്റ്റിക്‌സിനും മാത്രം ഒന്നര മാര്‍ക്കുള്ള 80 ചോദ്യങ്ങള്‍ വീതമാണ്.

ജനറല്‍ വിഭാഗത്തില്‍ ഓരോ പേപ്പറിനും 40 ശതമാനവും രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 48 ശതമാനം മാര്‍ക്കും നേടിയാലേ അധ്യാപക യോഗ്യത ലഭിക്കൂ. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഓരോ പേപ്പറിനും 35 ശതമാനവും രണ്ട് പേപ്പറിനും ചേര്‍ത്ത് മൊത്തം 45 ശതമാനവും നേടണം. പട്ടിക ഭിന്നശേഷി വിഭാഗത്തില്‍ ഓരോ പേപ്പറിനും 35 ശതമാനവും രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 40 ശതമാനവും നേടിയിരിക്കണം.

ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം എങ്കിലും മാര്‍ക്കോടെ പി.ജിയും ഏതെങ്കിലും വിഷയത്തിലെ ബി.എഡും ഉള്ളവര്‍ക്ക് പരീക്ഷ എഴുതാം. പി.ജിയുള്ള അവസാനവര്‍ഷ ബി.എഡ് വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. സെറ്റ് ഫലം വന്ന് ഒരു വര്‍ഷത്തിനകം യോഗ്യത പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 1000 രൂപയാണ് അപേക്ഷ ഫീസ്. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപയാണ് ഫീസ്.

LEAVE A REPLY

Please enter your comment!
Please enter your name here