സൗരയൂഥം വിട്ട് ഇന്റര്‍സെ്റ്റല്ലാര്‍ സ്‌പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിര്‍മ്മിത പേടകമാണ് വോയേജര്‍ 1. പലവിധ പ്രതിബന്ധങ്ങളെ അതിജീവിച്ച പേടകവുമായുള്ള ആശയവിനിമയം ഒരിക്കല്‍ കൂടി നഷ്ടപ്പെട്ടിരിക്കയാണ്. ഭൂമിയിലേക്ക് വ്യക്തമായ വിവരങ്ങള്‍ അയക്കാന്‍ പേടകത്തിനു സാധിക്കുന്നില്ലെന്ന് നാസ അധികൃതര്‍ വ്യക്തമാക്കി. ശാസ്ത്ര സാങ്കേതിക വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന പേടകത്തിലെ ഫ്‌ളൈറ്റ് ഡാറ്റ സബ് സിസ്റ്റത്തിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
ഒക്‌ടോബര്‍ 16 മുതലാണ് പ്രശ്‌നങ്ങള്‍ നേരിട്ടു തുടങ്ങിയത്. പേടകത്തിന്റെ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിര്‍ദേശം ഭൂമിയില്‍ നിന്ന് നല്‍കിയിരുന്നു. ആവശ്യത്തിന് വൈദ്യുതി ഇല്ലെങ്കില്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കില്ല. നിര്‍ദേശം കിട്ടിയതിനു പിന്നാലെ പേടകത്തിലെ തകരാര്‍ തടയുന്നതിനുള്ള ഫോള്‍ട്ട് പ്രിവന്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിച്ചു തുടങ്ങി. ഒക്‌ടോബര്‍ 18ന് വോയേജര്‍ 1 ന്റെ സിഗ്നര്‍ സ്വീകരിക്കുന്നതില്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് പരാജയപ്പെട്ടതോടെ പേടകവുമായുള്ള ആശയവിനിമയം തകരാറിലായെന്ന് ജീവനക്കാര്‍ക്ക് ബോധ്യപ്പെട്ടു.
എക്‌സ്ബാന്‍ഡ് റേഡിയോ ട്രാന്‍സ്മിറ്ററിലൂടെയായിരുന്നു വോയേജര്‍ ഒന്ന് സാധാരണ ഭൂമിയുമായി ആശയവിനിമയം നടത്തിയിരുന്നത്. ആശയക്കുഴപ്പത്തിനു പിന്നാലെ എക്‌സ് ബാന്‍ഡ് ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തന രഹിതമാവുകയും സെക്കന്‍ഡറി റേഡിയോ ട്രാന്‍സ്മിറ്ററായ എസ് ബാന്‍ഡിലേക്ക് മാറുകയും ചെയ്തു. 1981 നുശേഷം ഈ ബാന്‍ഡിലുടെ ആശയവിനിമയം നട്്ത്തിയിട്ടില്ല. വളരെ കുറച്ച് ഊര്‍ജ്ജം ഉപയോഗിച്ചുള്ള ആശയവിനിമയമായതിനാല്‍ സിഗ്നലുകള്‍ ദുര്‍ബലമാണ്. ഇനി ആശയവിനിമയം സാധ്യമാകുമോയെന്ന കാര്യത്തില്‍ വ്യക്തത ഇല്ല.
2023ലും വോയേജര്‍ ഒന്നിനെ ബന്ധപ്പെടാന്‍ സാധിക്കാത്ത സ്ഥിതി ഉണ്ടായിരുന്നു. എട്ടു മാസങ്ങള്‍ക്കു ശേഷമാണ് പേടകത്തില്‍ നിന്നുള്ള ആശയവിനിമയം പുന:സ്ഥാപിച്ചത്. വ്യാഴം, ശനി ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ 1977 ല്‍ നാസ തുടങ്ങിയതാണ് വോയേജര്‍ ദൗത്യം. ഓഗസ്റ്റ് 20ന് ഫ്‌ളോറിഡയിലെ കേപ് കനവെറല്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നു ടൈറ്റന്‍ സെന്റോര്‍ റോക്കറ്റില്‍ ആദ്യം വിക്ഷേപിച്ചത് വോയേജര്‍ രണ്ടാണ്. തൊട്ടു പിന്നാലെ, സെപ്റ്റംബറിലാണ് വോയേജര്‍ ഒന്ന് വിക്ഷേപിച്ചത്. 1980 ലാണ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്. പിന്നാലെ ഭൂമിയില്‍ നിന്ന് അകലങ്ങളിലേക്കുള്ള സഞ്ചാരം വോയേജര്‍ തുടര്‍ന്നു. സൗരയൂഥം വിട്ട് ഇന്റര്‍സെ്റ്റല്ലാര്‍ സ്‌പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിര്‍മ്മിത വസ്തുവാണ് വോയേജര്‍ 1. വോയേജര്‍ രണ്ടും പിന്നാലെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
വോയേജര്‍ 1 ഭൂമിയില്‍ നിന്ന് 24,792,315,769.5 കിലോമീറ്റര്‍ അകലെ ഒഫിയൂക്കസ് നക്ഷത്ര സമൂഹത്തിലാണ് ഉള്ളത്. 2025 വരെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം അതിലുണ്ട്. അതിനുശേഷം അവ ഓരോന്നായി ഓഫാകും. എന്നാല്‍, ബഹിരാകാശത്തിന്റെ വിശാലമായ ശൂന്യതയില്‍ പേടകം നമ്മില്‍ നിന്ന് അകന്നുപോകുമ്പോള്‍ അതിനെ തടയാന്‍ ഒന്നുമില്ല.