തിരുവനന്തപുരം | കേരളത്തിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞനിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുക ലക്ഷ്യത്തോടെ സര്‍ക്കാര്‍ തുടക്കമിട്ട കെ ഫോണ്‍ പദ്ധതി ഇനി രാജ്യവ്യാപകമാക്കാന്‍ അനുമതി. ദേശീയതലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പി എ (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കാറ്റഗറി എ) ലൈസന്‍സ് കെ ഫോണ്‍ സ്വന്തമാക്കി. ഇനിമുതല്‍ കെ ഫോണിന് ഇന്ത്യയിലെവിടെയും ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാം.
3,1153 കിലോമീറ്റര്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഇതിനകം കെ ഫോണ്‍ പൂര്‍ത്തിയാക്കിയതോടെ ഏറ്റവും വലിയ നെറ്റ്വര്‍ക്കുള്ള ഇന്റര്‍നെറ്റ് സേവനദാതാവായി കെ-ഫോണ്‍ മാറി. കെ ഫോണ്‍ സംസ്ഥാനത്ത് ഇതിനകം 1,07,328 ഇന്റര്‍നെറ്റ് കണക്ഷന് നല്കി. 14,151 ബിപിഎല്‍ കുടുംബങ്ങളിലും 67,097 മറ്റു വീടുകളിലും 23,163 സര്‍ക്കാര്‍ ഓഫീസുകളിലുമാണ് ഇന്റര്‍നെറ്റ് എത്തിച്ചത്.