മോസ്‌കോ | ഈ സംഖ്യ വായിക്കാമോ ? 2,000,000,000,000,000,000,000,000,000,000,000,000. അമ്പരക്കേണ്ട. ഇതാണ് 2 അണ്‍ഡിസില്യണ്‍.! കഴിഞ്ഞ ദിവസം ആഗോള ടെക് ഭീമനായ ഗൂഗിളിന് റഷ്യന്‍ കോടതി പിഴയിട്ടത് 2 അണ്‍ഡിസില്യണ്‍ റൂബിള്‍സ് (2.5 ഡിസില്യണ്‍ ഡോളര്‍) ആണ്.

സംഖ്യ കഴിഞ്ഞ് 36 പൂജ്യം വരുന്നതിനെ അണ്‍ഡിസില്യണ്‍ എന്നും 33 പൂജ്യം വരുന്നതിനെ ഡിസില്യണ്‍ എന്നുമാണ് പറയുന്നത്. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് 100 ട്രില്യണ്‍ ഡോളറാണ് ആഗോള ജി.ഡി.പി. ആഗോള ജിഡിപിയേക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ സംഖ്യ.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട റഷ്യന്‍ യൂട്യൂബ് ചാനല്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ പുനഃസ്ഥാപിക്കാത്തതിനാലാണ് പിഴ. യൂട്യൂബ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്‌തെന്ന് കാട്ടി റഷ്യയിലെ പ്രമുഖ ടി.വി ചാനലുകള്‍ അടക്കം പതിനേഴോളം സ്ഥാപനങ്ങളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. യുക്രെയിന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വിലക്കാണ് സസ്പെന്‍ഷന് കാരണമെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. നിശ്ചിത കാലയളവില്‍ ഈ ചാനലുകള്‍ യൂട്യൂബ് പുനസ്ഥാപിച്ചില്ലെങ്കില്‍ ഓരോ ദിവസവും പിഴ ഈടാക്കുമെന്ന് കോടതി വിധിയിലുണ്ട്.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് ഏകദേശം 2 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണുള്ളത്. ലോകത്തുള്ള മുഴുവന്‍ പണം ഉപയോഗിച്ചാലും പിഴ അടച്ചുതീര്‍ക്കാന്‍ കഴിയാത്തതിനാല്‍ ഗൂഗിള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും.

ക്രെംലിന്‍ അനുകൂല മാദ്ധ്യമങ്ങളായ സാര്‍ഗ്രാഡ്, റിയ ഫാന്‍ എന്നിവയുടെ യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തതിന് 2020 മുതല്‍ ദിവസം 1,00,000 റൂബിള്‍ വീതം ഗൂഗിളിന് പിഴ ഇടാക്കി തുടങ്ങിയെന്നും അതാണ് ഇപ്പോള്‍ ഭീമന്‍ തുകയായതെന്നും റഷ്യന്‍ മാദ്ധ്യമങ്ങള്‍ പറയുന്നു. ഗൂഗിളിനെതിരെ ഇത്രയും വലിയ തുക പിഴ വിധിച്ചത് പ്രതീകാത്മകമാണെന്നാണ് റഷ്യന്‍ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here