ബ്യൂണസ് ഐറിസ് : വീടിനുപുറത്ത് ചുറ്റുമതിലിനുള്ളില്‍ നഗ്നനായി നിന്നയാളുടെ ചിത്രം പ്രചരിപ്പിച്ച ഗൂഗിളിന് 10.8 ലക്ഷം പിഴ. അപൂര്‍വമായ സ്വകാര്യതാ ലംഘനക്കേസിലാണ് വിധി. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ കടന്നുപോകുന്നതിനിടെ, വീടിന്റെ പിന്‍വശത്ത് പൂര്‍ണ്ണ നഗ്‌നനായി നിന്നയാളുടെ ചിത്രം പങ്കുവച്ചകേസിലാണ് കോടതി നടപടി.
2017-ല്‍ അര്‍ജന്റീനയിലെ ഒരു ചെറിയ പട്ടണത്തിലാണ് സംഭവം നടന്നത്, അവിടെ ഒരു പോലീസ് ഉദ്യോഗസ്ഥനായ ആ വ്യക്തി തന്റെ വസതിയിലെ 6.5 അടി മതിലിന് പിന്നില്‍ വസ്ത്രമില്ലാതെ നില്‍ക്കുമ്പോഴാണ് ഗൂഗിളിന്റെ കാര്‍ കടന്നുപോയത്. പിന്നീട് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഈ ചിത്രവും ഉള്‍പ്പെട്ടു. ഇരയുടെ വീട്ടു നമ്പറും തെരുവ് പേരും പോലും വ്യക്തമായി കാണാമായിരുന്നു. പൊതുജനങ്ങളുടെ ഇടയില്‍ തനിക്ക് കടുത്ത നാണക്കേടുണ്ടാക്കിയെന്നും ഇത് തന്റെ അന്തസ്സിനെയും സ്വകാര്യതയെയും സാരമായി ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടി 2019-ല്‍ ഗൂഗിളിനെതിരെ ഒരു കേസ് ഫയല്‍ ചെയ്തു. എന്നാല്‍ കീഴ്‌ക്കോടതി ‘അനുചിതമായ അവസ്ഥയില്‍’ പുറത്തിരുന്നതിന് കുറ്റപ്പെടുത്തിക്കൊണ്ട് കേസ് തള്ളി. തുടര്‍ന്ന് നടത്തിയ അപ്പീലില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കപ്പെട്ടു. ഇരയാക്കപ്പെട്ട മനുഷ്യന്‍ തന്റെ വീടിന്റെ സ്വകാര്യതയുടെ പരിധിക്കുള്ളിലാണെന്ന് മേല്‍ക്കോടതി വിലയിരുത്തി. ചുറ്റുമതിലിന് വേണ്ടത്ര ഉയരമില്ലെന്ന ഗൂഗിളിന്റെ വാദത്തിന് വിരുദ്ധമായി. ”പൊതുസ്ഥലത്ത് പകര്‍ത്തിയിട്ടില്ലാത്ത, മറിച്ച് അവരുടെ വീടിന്റെ പരിധിക്കുള്ളില്‍, ശരാശരി വലിപ്പമുള്ള വ്യക്തിയെക്കാള്‍ ഉയരമുള്ള ഒരു വേലിക്ക് പിന്നില്‍ പകര്‍ത്തിയ ഒരു വ്യക്തിയുടെ ചിത്രം ഇതില്‍ ഉള്‍പ്പെടുന്നു.സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം പ്രകടമാണ്.” – ഗൂഗിളിന് പിഴ ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു.