ഗോമൂത്രം കുടിച്ചാല്‍ രോഗം മാറുമോ ? ശമനമുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി. ഡയറക്ടര്‍ വി. കാമകോടി പറഞ്ഞതാണ് പുതിയ ചര്‍ച്ച. അച്ഛന് അസുഖം ബാധിച്ചപ്പോള്‍ ഗോമൂത്രം കുടിച്ചെന്നും 15 മിനിട്ടിനുള്ളില്‍ പനി പമ്പകടന്നുവെന്നുമാണ് വി. കാമകോടി പറഞ്ഞത്. ഒരു സന്യാസിയുടെ പക്കല്‍ നിന്നാണ് ഗോമൂത്രം ലഭിച്ചതെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഓര്‍ക്കുന്നില്ലെന്നുമാണ് ചെന്നൈയിലെ ഗോപൂജ ചടങ്ങില്‍ ഐ.ഐ.ടി. ഡയറക്ടര്‍ പറഞ്ഞത്.
ശരീരത്തില്‍ ബാധിക്കുന്ന ചില ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിന് ഉണ്ടത്രേ. ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിനു നല്ലതാണെന്നും കാമകോടി പ്രസംഗത്തില്‍ അവകാശപ്പെടുന്നു. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ വിമര്‍ശനവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ എ.ഐ. വിദഗ്ധരില്‍ ഒരാള്‍ കൂടിയാണ് വി. കാമകോടി. ഇന്ത്യയിലെ ആദ്യത്തെ മൈക്രോ പ്രോസസറായ ശക്തി വികസിപ്പിച്ചെടുക്കുന്നതില്‍ നേതൃത്വം നല്കിയവരില് ഒരാള്‍ കൂടിയാണ് അദ്ദേഹം. ഐ.ഐ.ടിയില്‍ തന്നെയാണ് കാമകോടിയും പഠനം പൂര്‍ത്തിയാക്കിയത്. കാമകോടിയുടെ പരാമര്‍ശത്തോടെ ഗോമൂത്ര ചര്‍ച്ചകള്‍ വീണ്ടു സജീവമായിരിക്കയാണ്. ഗോമൂത്രം കുടിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാമെന്ന ബി.ജെ.പി നേതാക്കളുടെയും ഹിന്ദുത്വവാദികളുടെയും അവകാശവാദങ്ങള്‍ നേരത്തെ വിവാദമായിരുന്നു.
വി. കാമകോടിക്കെതിരെ ഐ.ഐ.ടി സ്റ്റുഡന്റ് യൂണിയന് രംഗത്തെത്തി. അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ വി. കാമകോടി പ്രസിദ്ധീകരിക്കണമെന്നും വാദങ്ങള്‍ ശാസ്ത്രീയമായി തെറ്റായതിനാല്‍ മാപ്പു പറയണമെന്നും സ്റ്റുഡന്റ് യൂണിയന് ആവശ്യപ്പെട്ടു.
ഗോമുത്രത്തില് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകളുണ്ടെന്ന് ബറേലി ആസ്ഥാനമായുള്ള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യമുള്ള പശുക്കളില്‍ നിന്നും കാളകളില്‍ നിന്നും ശേഖരിച്ച മൂത്രസാമ്പിളുകളില്‍ ഹാനികരമായ 14 ഇനം ബാക്ടീരിയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ആമാശയത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന എഷെറിച്ചിയ കോളിയയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍, പല സ്ഥാപനങ്ങളും ഗോമൂത്രം അടങ്ങിയ മരുന്ന് ഇന്ന് ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. അസ്മ, പ്രമേയം, ക്യാന്‍സര്‍ തുടങ്ങിയവ നിയന്ത്രിക്കുമെന്ന വാഗ്ദാനത്തോടെയാണ് വില്‍പ്പന.
drinking cows urine can cure diseases says madras iit director v kamakoti