സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്ക് ജൂണ്‍ 18 ന് പുറത്തിറങ്ങും. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയാണ് പുതിയ വാഹനം നിരത്തിലിറക്കാനുള്ള തീയതി കുറിച്ചിട്ടുള്ളത്.
പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കിനെ അപേക്ഷിച്ച് ഇതിന്റെ പ്രവര്‍ത്തന ചെലവ് പകുതിയായിരിക്കും. ബജാജ് ഓട്ടോ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജാണ് ഇക്കാര്യം അറിയിച്ചത്. സിഎന്‍ജി ബൈക്കിന്റെ ഔദ്യോഗിക നാമം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബജാജ് അടുത്തിടെ ‘ബ്രൂസര്‍’ എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തു, അത് അതിന്റെ മോണിക്കറായിരിക്കാന്‍ സാധ്യതയുണ്ട്. ഈ വരാനിരിക്കുന്ന ബജാജ് സിഎന്‍ജി ബൈക്ക് ഭാവിയില്‍ ബജാജില്‍ നിന്നുള്ള കൂടുതല്‍ സിഎന്‍ജി മോഡലുകള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബൈക്ക് വിവിധ ഘട്ടങ്ങളിലായാണ് പുറത്തിറക്കുക. ആദ്യം മഹാരാഷ്ട്രയിലും പിന്നീട് സിഎന്‍ജി സ്റ്റേഷനുകള്‍ ലഭ്യമായ സംസ്ഥാനങ്ങളിലും ഇത് അവതരിപ്പിക്കും. 100സിസി, 125സിസി, 150- 160 സിസി ബൈക്കുകള്‍ ഉള്‍പ്പെടുന്ന സിഎന്‍ജി ബൈക്കുകളുടെ ഒരു പോര്‍ട്ട്ഫോളിയോ തങ്ങള്‍ നിര്‍മ്മിക്കുമെന്ന് ബജാജ് പറയുന്നു.
ഇതിന്റെ പരീക്ഷണ സമയത്ത്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) പുറത്ത് വിടുന്നതില്‍ 50% കുറവും കാര്‍ബണ്‍ മോണോക്‌സൈഡ് (CO) പുറത്ത് വിടുന്നതില്‍ 75% കുറവും മറ്റ് വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ഏകദേശം 90% കുറവും ഉണ്ടായിട്ടുണ്ട്. ഒപ്പം ഇന്ധനത്തിലും പ്രവര്‍ത്തന ചെലവിലും 50 മുതല്‍ 65 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.