ഡിസംബര്‍ 30നാണ് കെനിയയിലെ മുകുകു ഗ്രാമത്തില്‍ ആകാശത്തുനിന്ന് ഒരു ലോഹവളയം വന്നു പതിച്ചു. 2.5 മീറ്റര്‍ നീളവും 500 കിലോഗ്രാം ഭാരവുമുള്ള ആ വസ്തു ബഹിരാകാശ മാലിന്യമാണെന്നാണ് ഇപ്പോഴത്തെ നിഗമനം.
വര്‍ദ്ധിച്ചു വരുന്ന ബഹിരാകാശ അവശിഷ്ടങ്ങളെയും അത് ഉണ്ടാക്കാനിടയുള്ള അപകടങ്ങളെയും സംബന്ധിച്ച ആശങ്കകളും ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്. ഭൂമിയെ വലംവയ്ക്കുന്ന ഉപയോഗമില്ലാത്ത മനുഷ്യ നിര്‍ത്തിത വസ്തുക്കളാണ് ബഹിരാകാശ മാലിന്യം അഥവാ സ്‌പെയിസ് ഡിബ്രിസ്. കത്തിയതോ ഇളകി മാറിയതോ ആയ റോക്കറ്റ് ഭാഗങ്ങള്‍, നിയന്ത്രണം നഷ്ടമായ റോക്കറ്റുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. ഇവയില്‍ ഏറെയും സഞ്ചരിക്കുന്നത് ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിലാണ്.
ശൂന്യാകാശത്തുള്ള ഇത്തരം മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. ബഹിരാകാശ പര്യവേഷണവും ഉപഗ്രഹ വിക്ഷേപണവും വര്‍ദ്ധിച്ചതോടെ, ഈ അവശിഷ്ടങ്ങളുടെ അളവും വര്‍ദ്ധിക്കുകയാണ്. 1957 ഒക്‌ടോബര്‍ നാലിനു സോവിയറ്റ് യൂണിയര്‍ അയച്ച ആദ്യ ഉപഗ്രഹം, സ്പുട്‌നിക് 1 മുതല്‍ ഇങ്ങോട്ട് പതിനായിരത്തോളം ഉപഗ്രഹങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി വിക്ഷേപിച്ചിട്ടുള്ളത്. 2030 ഓടെ എണ്ണം 12,000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ച് മാലിന്യങ്ങളും പെരുകും.
മാലിന്യങ്ങളില്‍ ചിലത് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങളില്‍ ചെന്നിടിച്ച് അപകടമുണ്ടാക്കും. മറ്റുചിലത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കും. കുറച്ചുഭാഗം കത്തി നശിക്കുകയും അവശേഷിക്കുന്ന ഭാഗം ഭൂമിയിലേക്ക് പതിക്കുകയും ചെയ്യും. അത്തരത്തിലൊന്നാകാം കെനിയയിലെ അജ്ഞാത ലോഹവസ്തുവെന്നാണ് നിഗമനം. കെനിയന്‍ ഉദ്യോഗസ്ഥരും സൈന്യത്തിലെ വിദഗ്ധരും ചേര്‍ന്ന് ലോഹവസ്തുവിന്റെ കൃത്യമായ ഉത്ഭവവും ആഘാതവും നിര്‍ണ്ണയിക്കാന്‍ സമഗ്രമായ അന്വേഷണം നടത്തുകയാണ്.
ഇതിനു മുമ്പും ബഹിരാകാശ അവശിഷ്ടങ്ങള്‍ ഇത്തരത്തില്‍ ഭൂമിയിലെത്തിയിട്ടുണ്ട്. എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കാപ്‌സ്യൂളിന്റെ ഒരു ഭാഗം 2022ല്‍ ഓസ്‌ട്രേലിയയിലെ ഒരു ആടു വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പതിച്ചത്. ഫേഌറിഡയിലെ ഒരു അമേരിക്കല്‍ കുടുംബത്തിന്‍െ വീട്ടില്‍ ഒരു ലോഹഭാഗം വീണത് നാസയ്ക്കും തലവേദന സൃഷ്ടിച്ചിരുന്നു. 2023 ഓഗസ്റ്റില്‍ ഓസ്‌ട്രേലിയയിലെ ഗ്രീന്‍ഹെഡ് ബീച്ചില്‍ പതിച്ച സ്തൂപിക രൂപത്തിലുള്ള വസ്തു നമ്മുടെ ഇസ്‌റോയുടെ വിക്ഷേപണ വാഹനത്തിന്റെ അവശിഷ്ടമായിരുന്നു.