തിരുവനന്തപുരം | പൂജവയ്പ്പ് പതിവിനു വിരുദ്ധമായി ഇക്കൊല്ലം നാലു ദിവസം നീണ്ടു നിൽക്കും. പ്രത്യേക സാഹചര്യം പരിഗണിച്ച് വെള്ളിയാഴ്ച്ച സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും.

മഹാലയ അമാവാസിക്ക് ശേഷമുള്ള അശ്വിന മാസത്തിലെ വെളുത്ത പക്ഷത്തിലാണ് ശരത് നവരാത്രി ആചരിക്കുന്നത്. ഇക്കുറി മഹാലയ അമാവാസി ഒക്ടോബര്‍ രണ്ടിനാണ്. ഒക്ടോബര്‍ മൂന്നാണ് ശുക്ലപക്ഷ പ്രഥമ തിഥി. അന്ന് മുതല്‍ നവരാത്രി ആരംഭിക്കും.

ശരദ് നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവയ്പ്പ്. ഗ്രന്ഥങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ദേവിക്കു മുന്നിൽ സമർപ്പിച്ചു പൂജിക്കുന്ന ചടങ്ങ്.  വിദ്യാർഥികൾക്കും മുതിർന്നവർക്കും സരസ്വതീ സങ്കൽപ്പത്തിൽ പൂജവയ്ക്കാം.  ശരദ് നവരാത്രിയിൽ അസ്തമയത്തിന് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവക്കേണ്ടത്. നവമി ദിവസം അടച്ചു പൂജയാണ്. ഇന്ദ്രിയങ്ങളെ പുറത്തുനിന്നും അകത്തേക്ക് പിന്‍വലിച്ച് ഇരിക്കുന്നതാണ് അടച്ചു പൂജ. ദുഷിച്ച കാര്യങ്ങള്‍ കാണാനോ  കേള്‍ക്കാനോ  പറയാനോ ശ്രമിക്കാതിരിക്കുക. അങ്ങനെ ചെയ്യുമ്പോൾ  ഇന്ദ്രിയങ്ങള്‍ പരിശുദ്ധമാകും. മഹാനവമിയിലെ ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് തുറക്കുന്ന ദിനമാണ്  വിജയദശമി.

സാധാരണഗതിയില്‍ 9 രാത്രി കഴിഞ്ഞ് പത്താം ദിവസമാണ് വിജയദശമി ആചരണം വരിക. ഇത്തവണ വിജയദശമി പതിനൊന്നാം ദിവസത്തിലേക്ക് നീളും. ശരാശരി 60 നാഴിക അഥവാ 24 മണിക്കൂറാണ് ഓരോ തിഥിയും. ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണമാണ് വിജയദശമി നീളുന്നത്. ഒക്ടോബര്‍ 10 വ്യാഴാഴ്ച (1200 കന്നി 24) ഉച്ചയ്ക്ക് 12:28 ന് സപ്തമി തിഥി അവസാനിക്കുന്നു. ശേഷം അഷ്ടമി തിഥിയാണ്. അതേസമയം ഒക്ടോബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:08 ന് അഷ്ടമി അവസാനിക്കും. അന്ന് വൈകീട്ട് അഷ്ടമിയുടെ സ്പര്‍ശം ഇല്ലാത്തതിനാല്‍ തലേന്നാണ് പൂജവയ്പ്പ്.

അതായത് ഈ വർഷം നവരാത്രിക്കാലത്ത് മധ്യകേരളത്തിൽ അഷ്ടമി തിഥി ആരംഭിക്കുന്നത്  ഒക്ടോബർ 10  വ്യാഴാഴ്ച (കൊല്ലവർഷം 1200 കന്നി മാസം24 ) പകൽ  12.32 നാണ്. അതായത് ഒക്ടോബർ 10-ാം തീയതി പകൽ 12:32 മുതൽ 11-ാം തീയതി പകൽ 12.07 വരെ ദുർഗ്ഗാഷ്ടമി.  അതിനാൽ പൂജവെയ്പ്പ്  10-ാംതീയതി വൈകിട്ട് 5:45 മുതൽ 7:40 വരെയാണ്. 11-ാം തീയതി പകൽ 12:07 മുതൽ 12-ാം തീയതി പകൽ 10:58 വരെയാണ് മഹാനവമി. ആയുധങ്ങൾ പൂജ വെയ്ക്കേണ്ടത് 11-ാം തീയതി സന്ധ്യയ്ക്കാണ്. 12-ാം തീയതി പകൽ 10.58 മുതലാണ് വിജയ ദശമി തുടങ്ങുന്നത് എങ്കിലും ഉദയത്തിന് വിജയദശമിയുള്ളത് 13-ാം തീയതി കാലത്ത് 09:09 വരെ ആകയാൽ പൂജ എടുക്കുന്നതിനും വിദ്യാരംഭം നടത്തുന്നതിനും 13-ാം തീയതി കാലത്ത് 09:09 വരെയുള്ള സമയം ആണ് സ്വീകരിക്കേണ്ടത്. 13-ാം തീയതി കാലത്ത് 09:09 ശേഷം വിജയ ദശമി വിദ്യാരംത്തിന് അനുകൂലമല്ല.


LEAVE A REPLY

Please enter your comment!
Please enter your name here