കണ്ണേ കരളേ വി.എസേ… മണിക്കൂറുകള്‍ കൊണ്ട് സി.പി.എം ആസ്ഥാനമായ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍ ഒരേസ്വരത്തില്‍ നിര്‍ത്താതെ വിളിച്ചു. ജനമനസുകളില്‍ വി.എസ് അച്യുതാനന്ദന്‍ ജനനായകനായി തുടരുകതന്നെ ചെയ്യും.
പതിനേഴിന്റെ യുവത്വത്തില്‍ കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍, 1940 ല്‍ തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ തുടര്‍ന്ന വി.എസിന്റെ സമരാവേശങ്ങള്‍ക്ക് ചരിത്രതാളുകളില്‍ മരണമില്ല. സി.പി.എമ്മിന്റെ തീരുമാനങ്ങളെപ്പോലും തിരുത്തിച്ച വി.എസിന്റെ ജനപിന്തുണ പലതവണ കേരളം കണ്ടതാണ്.
ചിറകുകള്‍ ഒന്നൊന്നായി അരിഞ്ഞ് പാര്‍ട്ടിക്കു വിധേയനാക്കപ്പെടുമ്പോഴും നിലപാടില്‍ ഉറച്ചുനിന്ന് അച്ചടക്ക നടപടികള്‍ ഏറ്റുവാങ്ങുമ്പോഴും വി.എസിന്റെ ബലം ജനശക്തിയായിരുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ നിലകൊണ്ടതിനു പലവട്ടം ശാസനയ്ക്ക് വിധേയനായി. പോളിറ്റ് ബ്യൂറോയില്‍ നിന്നുവരെ പുറത്താക്കി. അപ്പോഴും അദ്ദേഹത്തെ ശക്തനാക്കി മുന്നോട്ടു നയിച്ചതു ജനമനസുകളിലെ സ്ഥാനമായിരുന്നു.
മൂന്നു തവണ സംസ്ഥാന സെക്രട്ടറിയായി. ഇഎംഎസിന്റെ ശക്തമായ പിന്തുണ. എം.വി. രാഘവനെ പുറത്താക്കി പാര്‍ട്ടിയില്‍ നിയന്ത്രണം ഉറപ്പിച്ച കാലഘട്ടം. എന്നാല്‍, നാലു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് മന്ത്രിസഭാ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട കണക്കുകൂട്ടല്‍ തെറ്റി. 91 ല്‍ കോഴിക്കോട്ടു നടന്ന സംസ്ഥാന സമ്മേളനത്തില്‍, നാലം ഊഴത്തിനായി നടത്തിയശ്രമം ഇ.കെ. നായനാറിനോട് നാലു വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഒരര്‍ത്ഥത്തില്‍ അവിടെയാണ് സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ വിഭാഗീയത തുടങ്ങിയത്.
96 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ എക്കാലത്തെയും ഉരുക്കുകോട്ടയായ മാരാരിക്കുളത്ത് വി.എസ്. തോറ്റത് വന്‍ ഞെട്ടലാണ് സൃഷ്ടിച്ചത്. വി.എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ് തോല്‍ക്കുമെന്ന വാചകം ഹാസ്യകലാകാരന്മാരുടെ പ്രധാന ഡയലോഗായി മാറുകയും ചെയ്തു. ഒരു പുതിയ പോര്‍മുഖം തുറക്കല്‍ കൂടിയായിരുന്നു അത്. 98 ല്‍ നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിയെ ഓദ്യോഗിക പക്ഷത്തിനെതിരെ രംഗത്തിറക്കി സംസ്ഥാന സെക്രട്ടറിയാക്കി. വി.എസിന്റെ കണക്കു കൂട്ടല്‍ തെറ്റിച്ച് പിന്നീട് അങ്ങോട്ട് വി.എസ്. – പിണറായി പക്ഷങ്ങള്‍ രൂപം കൊണ്ടപ്പോള്‍ പാര്‍ട്ടി അതിനെ വിഭാഗീയതയെന്ന് വിളിച്ചു. അതിനെ മറികടന്ന് 2006 ല്‍ മുഖ്യമന്ത്രിയായി ക്ലിഫ് ഹൗസിന്റെ പടികയറാന്‍ വി.എസിനായി.
പാര്‍ട്ടിയില്‍ പിണറായി പക്ഷം പിടി മുറുക്കിയപ്പോള്‍ വി.എസ്. ഒറ്റപ്പെട്ടു തുടങ്ങി. 2011ലും 2016 ലും സീറ്റ് നിഷേധിക്കാന്‍ ശ്രമങ്ങള്‍ നടന്നപ്പോള്‍ തുണയായതും തള്ളിക്കളയാന്‍ ആര്‍ക്കും സാധിക്കാത്ത ജനപിന്തുണയായിരുന്നു. പാര്‍ട്ടി വിലക്കിയിട്ടും ബര്‍ലിന്‍ കുഞ്ഞനന്തനെ സന്ദര്‍ശിച്ച വി.എസ്, ടിപി വധക്കേസില്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച വി.എസ്, മൂന്നാറിലും ഇടമലയാറിലും പ്ലാച്ചിമടയിലും മതികെട്ടാനിലും കേരളം കണ്ട വി.എസ്…. പാര്‍ട്ടിക്ക് അകത്ത് അനഭിമതനാകുമ്പോഴും ജനമനസുകളില്‍ കൂടുതല്‍ സ്ഥാനം വി.എസിനു ലഭിച്ചുകൊണ്ടേയിരുന്നു.