അടുത്തുള്ള വസ്തുക്കള്‍ കാണാന്‍ കഴിയുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപിയ. ലോകത്തെ മൂന്നിലൊന്നു കുട്ടികളെയും കൗമാരക്കാരെയും ഹ്രസ്വദൃഷ്ടി അഥവാ മയോപിയ ബാധിച്ചിട്ടുണ്ടെന്ന് പുതിയ പഠനം. 1990 നും 2023നും ഇടയില്‍ മയോപിയ ബാധിതരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവാണ്.

കോവിഡ് മഹാമാരിക്കുശേഷമാണ് ഇത്തരമൊരു വര്‍ദ്ധനവ്. 2050 ഓടെ കണക്കുള്‍ 40 ശതമാനം കൂടിയേക്കാമെന്നും ബ്രട്ടീഷ് ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയുടെ പഠന റിപ്പോര്‍ട്ട് പറയുന്നു. ചൈനയിലെ സുന്‍ യാറ്റ് സെന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് 50 രാജ്യങ്ങളില്‍ നിന്നുള്ള 50 ലക്ഷം കുട്ടികളെയും കൗമാരക്കാരേയും ഉള്‍പ്പെടുത്തി 28 പഠനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

ലോക്ഡൗണിനെ തുടര്‍ന്ന് കുട്ടികള്‍ വീടിനു പുറത്തുപോയി കളിക്കുന്നത് കുറഞ്ഞതും ഡിജിറ്റല്‍ ഉപകരങ്ങള്‍ക്കു മുന്നില്‍ ചെലവഴിക്കുന്ന സമയം കൂടിയതുമാണ് കണ്ണുകളെ മോശമായി ബാധിക്കുന്നത്. മാത്രവുമല്ല, സൂര്യപ്രകാശം ഏല്‍ക്കാത്തതും ശാരീരിക അധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തതുമൊക്കെ മയോപിയ വര്‍ധിക്കാന്‍ കാരണമായി. ഗ്രാമങ്ങളില്‍ താമസിക്കുന്ന കുട്ടികളെ അപേക്ഷിച്ച് നഗരങ്ങളില്‍ താമസിക്കുന്നവരിലാണ് ഹ്രസ്വദൃഷ്ടി കൂടുതല്‍. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് ഈ നേത്രരോഗം കൂടുതലായി കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഏഷ്യയിലെ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ജപ്പാനില്‍ 85 ശതമാനം കുട്ടികള്‍ക്കും ദക്ഷിണ കൊറിയയിലെ 73 ശതമാനം കുട്ടികള്‍ക്കും ഹ്രസ്വദൃഷ്ടിയുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. യു.കെ, യു.എസ്, അയര്‍ലന്‍ഡ് തുടങ്ങിയവിടങ്ങളില്‍ 15 ശതമാനമാണ് മയോപിയ ബാധിതരായ കുട്ടികളുള്ളത്. പരാഗ്വേയിലും യുഗാണ്‍ഡയിലും മയോപിയ ബാധിതരുടെ എണ്ണം കുറവാണ്.

20 മിനിട്ട് നീണ്ട സ്‌ക്രീന്‍ സമയത്തിനിടയില്‍ ഒരു വസ്തുവില്‍ 20 സെക്കന്റ് നേരം നോക്കിയിരിക്കുക. കുറേ സമയം തുടര്‍ച്ചയായി ഇരിക്കേണ്ടി വന്നാല്‍ ഇടയ്ക്ക് ഏഴുന്നേറ്റു ശരീരം സ്‌ട്രെച്ച് ചെയ്ത് കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും ഉള്ള സാധ്യതകള്‍ കുറയ്ക്കുക. ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒട്ടും ത്െന്ന സ്‌ക്രീന്‍ ടൈം കൊടുക്കാതിരിക്കുക. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരു മണിക്കുറില്‍ താഴെ മാത്രം അനുവദിക്കുക. ഉറക്കത്തിനു മുന്‍പുള്ള സ്‌ക്രീന്‍ സമയം ഉറങ്ങാന്‍ എടുക്കുന്ന സമയം കൂട്ടുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിടെ ബാധിക്കുന്നു. ഡിജിറ്റര്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം മെലാറ്റോണിന്റെ ഉല്‍പ്പാദനത്തെ ബാധിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here