ന്യൂഡല്‍ഹി | കര്‍ണാടക പോലീസ് ഡയറക്ടര്‍ ജനറലിന്റെ മകളും നടിയുമായ രന്യ റാവുവിനെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വെറും 24 മാസത്തിനുള്ളില്‍, മറ്റേതൊരു സെലിബ്രിറ്റിക്കോ ക്രിക്കറ്റ് താരത്തിനോ രാഷ്ട്രീയക്കാരനോ പോലും ഇതുവരെ യാത്ര ചെയ്യാന്‍ കഴിയാത്തത്രയും തവണയാണ് റാന്യ റാവു ദുബായ് സന്ദര്‍ശിച്ചത്. ആകെ 52 തവണയാണ് ദുബായിലേക്ക് പറന്നത്. സുഹൃത്ത് തരുണ്‍ രാജുവും 26 തവണ നടിക്കൊപ്പം ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്നാണ് സ്വര്‍ണ്ണം കടത്തിയത്.
രന്യയും രാജുവും രാവിലെ ദുബായിലേക്ക് വിമാനത്തില്‍ പോകുന്നതും അന്നു വൈകിട്ടു തന്നെ ഇന്ത്യയിലേക്ക് മടങ്ങുന്നതുമാണ് ഡിആര്‍ഐയ്ക്ക് സംശയം ജനിപ്പിച്ചത്. ഈ യാത്രാ രീതി നിരീക്ഷിച്ചശേഷം നടത്തിയ നീക്കത്തിലാണ് ദുബായില്‍ നിന്ന് 14 കിലോ സ്വര്‍ണ്ണവുമായി മടങ്ങുന്നതിനിടെ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാര്‍ച്ച് 3 ന് ഡിആര്‍ഐയാണ് രന്യയെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 10 ന്് സുഹൃത്ത് തരുണ്‍ രാജുവും പിടിയിലായി. ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. രന്യയും തരുണും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് ഡിആര്‍ഐ പറഞ്ഞു.
സ്വര്‍ണ്ണക്കടത്തില്‍ കര്‍ണാടക ഡിജിപിയും റാനിയയുടെ രണ്ടാനച്ഛനുമായ രാമചന്ദ്ര റാവുവിനും പങ്കുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. തന്റെ മകളെ പ്രോട്ടോക്കോള്‍ അനുസരിച്ച് വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഉത്തരവിട്ടതായി റാനിയയെ സഹായിച്ചതിന് പിടിയിലായ ഒരു കോണ്‍സ്റ്റബിള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഡിആര്‍ഐക്ക് പുറമേ, സിബിഐയും ഇപ്പോള്‍ ഇഡിയും റാന്യയ്ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.