കൊല്ലം | കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു. കൊല്ലം ചിതറ തുമ്പമണ്‍തൊടി സ്വദേശി സുജിനാ(29)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രാത്രി 11 ഓടെ തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപത്താണ് സംഭവം. രാത്രിയില്‍ ഒളിച്ചിരുന്നായിരുന്നു ആക്രമണം. സുജിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു. സുജിന്റെ വയറ്റിലും അനന്തുവിന്റെ തലയ്ക്കുമാണ് കുത്തേറ്റത്. ഇരുവരെയും ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും സുജിന്‍ മരിച്ചു.
സമീപത്തെ ക്ഷേത്രത്രോത്സവത്തിനിടയുണ്ടായ തര്‍ക്കവും പ്രതികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതുമാണ് വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു. തുമ്പമണ്‍തൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നറിയപ്പെടുന്ന ബിജു, മഹി, വിജയ് എന്നിവരാണ് സുജിനെ കൊലപ്പെടുത്തിയത്. പ്രതികളെ ചിതറ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. കൊല നടന്ന സ്ഥലത്ത് നിന്നും കഞ്ചാവ് പൊതികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.