കോട്ടയം | കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കുളളില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു. കാട്ടയം തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു (52) വാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനാകുന്നതുവരെ ഏകദേശം രണ്ട് മണിക്കൂറോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയതോടെയാണ് മരണം സംഭവിച്ചത്. ാര്‍ത്തോപീഡിക് വിഭാഗത്തിന്റെ 14-ാം വാര്‍ഡായിരുന്ന ഉപയോഗശൂന്യമായ മൂന്ന് നില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്.
ഇന്ന് (വ്യാഴം) രാവിലെ 10.30 ഓടെയാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഒരു കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. അപകടസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നിസ്സാര പരിക്കുകളോടെ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ ആരോഗ്യമന്ത്രി വീണ ജോര്‍ജും ദേവസ്വം മന്ത്രി വി എന്‍ വാസവനും കെട്ടിടം ഉപയോഗത്തിലില്ലെന്നും ആരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടില്ലെന്നും പറഞ്ഞിരുന്നു.
അപകടം നടന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ഉച്ചയ്ക്ക് 12.30 മണി വരെ എക്സ്‌കവേറ്ററുകള്‍ സ്ഥലത്തേക്ക് എത്തിച്ചിട്ടില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കാര്യമായ കാലതാമസം നേരിട്ടിരുന്നു.
തകര്‍ന്ന ഭാഗം ആശുപത്രിയുടെ 14-ാം വാര്‍ഡിനോട് (ഓര്‍ത്തോപീഡിക്‌സ് വിഭാഗം) ചേര്‍ന്നുള്ള പഴയതും ഉപയോഗശൂന്യവുമായ ഒരു ബാത്ത്‌റൂം സമുച്ചയത്തിന്റെ ഭാഗമാണെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. കട്ടിടം ഉപയോഗത്തിലല്ലെന്നും മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായി മാറിയെന്നും വാസവന്‍ പറഞ്ഞു. എന്നിരുന്നാലും, ബാത്ത്‌റൂമുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും 14-ാം വാര്‍ഡില്‍ എത്തുന്ന രോഗികളും കാഴ്ചക്കാരും ഇത് ഉപയോഗിച്ചിരുന്നുവെന്നും സംഭവസ്ഥലത്തെ ദൃക്സാക്ഷികള്‍ പറയുന്നുണ്ട്.
അമ്മ ശുചിമുറിയില്‍ പോയെന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ബിന്ദുവിന്റെ മകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ സമഗ്രമായ തിരച്ചില്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ബിന്ദുവിനെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത് അപകടസ്ഥലത്ത് നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള അപകട വിഭാഗത്തിലേക്ക് മാറ്റുമ്പോഴേക്കും അവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ സ്ഥലത്തെത്തി. അപകടത്തെത്തുടര്‍ന്ന് 10, 11, 14 വാര്‍ഡുകളില്‍ നിന്ന് രോഗികളെയും കൂട്ടിരിപ്പുകാരെയും അധികൃതര്‍ ഒഴിപ്പിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.