ന്യൂഡല്‍ഹി| മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ സമാന പദ്ധതികള്‍ ആവിഷ്‌കരിച്ചിതില്‍ കൊച്ചിയും ഉള്‍പ്പെട്ടിരുന്നോ എന്ന് സംശയം. യു.എസ്. അന്വേഷണ ഏജന്‍സികള്‍ നല്‍കിയ രേഖകളില്‍നിന്ന് എന്‍.ഐ.എയ്ക്ക് ലഭിച്ച വിവരത്തില്‍ തഹാവുര്‍ റാണ സന്ദര്‍ശിച്ച ഇന്ത്യന്‍ നഗരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയതായും നഗരത്തിന്റെ വീഡിയോ പകര്‍ത്തിയതായും പറയുന്നുണ്ട്.

2008 നവംബര്‍ 13-നും 21-നും മധ്യേയാണ് തഹാവുര്‍ റാണ ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ചത്. ഡല്‍ഹി, അഹമ്മദാബാദ്, മുംബൈ, ഉത്തര്‍പ്രദേശിലെ ആഗ്ര, ഹാപുര്‍ എന്നീ നഗരങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് തഹാവുര്‍ റാണ കൊച്ചിയിലെത്തുന്നത്. സന്ദര്‍ശിച്ച നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
ഭാര്യ സമ്രാസ് റാണ അഖ്തറിനെയും ഒപ്പംകൂട്ടിയായിരുന്നൂ സന്ദര്‍ശനം. റാണ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി ദിവസങ്ങള്‍ക്കകം മുംബൈയില്‍ ഭീകരാക്രമണം നടന്നു.

ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെന്ന ദാവൂദ് ഗിലാനിയില്‍ നിന്നും റാണയ്ക്ക് ഒരു സന്ദേശം ലഭിച്ചതായാണ് സൂചന. ഇന്ത്യയിലെ ഒരു നഗരത്തില്‍ ഉടന്‍ ഭീകരാക്രമണം നടന്നേക്കുമെന്നുള്ള മുന്നറിയിപ്പായിരുന്നൂ റാണയ്ക്ക് ലഭിച്ചത്. ഇതിനുശേഷമാണ് റാണയും ഭാര്യയും ഇന്ത്യ വിട്ടത്. 5 ദിവസങ്ങള്‍ കഴിഞ്ഞ് കൃത്യം 2008 നവംബര്‍ 26 നായിരുന്നൂ മുംബൈയില്‍ ഭീകരാക്രമണം നടക്കുകയും ചെയ്തു.

ഇപ്പോള്‍ എന്‍.ഐ.എയുടെ കനത്ത സുരക്ഷയില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ കൊച്ചിയിലേക്കുള്ള റാണയുടെ യാത്രാലക്ഷ്യത്തെക്കുറിച്ചും വെളിപ്പെടുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here