തിരുവനന്തപുരം | സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (102) ഇനി ഓര്‍മ്മ. ഇന്ന് (തിങ്കള്‍) വൈകുന്നേരം 3.20 നായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് നില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കും. എസ്.യു.ടി ആശുപത്രിയില്‍നിന്ന് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് രാത്രിയോടെ തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും.ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് ദര്‍ബാര്‍ ഹാളിലേയ്ക്ക് പൊതുദര്‍ശനത്തിനായി എത്തിക്കും. ഉച്ചയ്ക്കുശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും.ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
1923 ഒക്ടോബര്‍ 20നു പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ് 1940 മുതല്‍ ഇടതുപ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.1964 ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതല്‍ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. 2006 മുതല്‍ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016-ല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി.