ന്യൂഡല്‍ഹി | റെയില്‍വേയും പ്രതിരോധ മേഖലയും കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമകളാണ് ഇന്ന് വഖഫ് ബോര്‍ഡെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. റെയില്‍വേയുടെയും പ്രതിരോധ മേഖലയുടെയും സ്വത്ത് രാജ്യത്തിന്റെ സ്വത്താണെങ്കില്‍ വഖഫ് ബോര്‍ഡിന്റെ സ്വത്ത് സ്വകാര്യ സ്വത്താണ്്. വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുന്ന വേളയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

2013-ല്‍ യുപിഎ സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് പ്രത്യേക അധികാരം നല്‍കിയത് നിരവധി ദുര്‍വിനിയോഗങ്ങള്‍ക്ക് കാരണമായെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ ഉത്തരവിനെ ഒരു സിവില്‍ കോടതിയിലും ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നാണ് യുപിഎ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പ്രത്യേക അധികാരം. യുപിഎ സര്‍ക്കാര്‍ തുടര്‍ന്നും അധികാരത്തിലിരുന്നെങ്കില്‍ പാര്‍ലമെന്റ് മന്ദിരം, വിമാനത്താവളം എന്നിവയുള്‍പ്പെടെ ഇനിയും അനവധി ഭൂമികളും കെട്ടിടങ്ങളും വഖഫ് സ്വത്തായി പ്രഖ്യാപിക്കപ്പെടുമായിരുന്നുവെന്ന് കിരണ്‍ റിജിജു ആഞ്ഞടിച്ചു.

നിലവില്‍ ഇന്ത്യയിലെ 9.4 ലക്ഷം ഏക്കര്‍ ഭൂമിയാണ് വഖഫ് ബോര്‍ഡ് കൈവശം വെച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 8.7 ലക്ഷം ഭൂമി വഖഫ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ഉണ്ട്. ഏകദേശം 1.2 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണ് ഈ സ്വത്തുക്കള്‍. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഉള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന വഖഫ് ഭേദഗതി ബില്‍ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here