തിരുവനന്തപുരം | കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് ആളുകള്‍ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് (102) അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി. ത്രിവര്‍ണ്ണ പതാകയും സിപിഎം പതാകയും പുതപ്പിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഉച്ചയ്ക്ക് 2 മണി വരെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. തലസ്ഥാന നഗരിയില്‍ പൊതു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനിടെ മുന്‍ കേരള മുഖ്യമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മൃതദേഹം വഹിച്ചുകൊണ്ട് കെഎസ്ആര്‍ടിസിയുടെ എയര്‍ കണ്ടീഷന്‍ ചെയ്ത ബസ് അദ്ദേഹത്തിന്റെ ജന്മനാടായ ആലപ്പുഴയിലേക്ക് യാത്ര ആരംഭിച്ചു.
നേതാവിന്റെ പൂക്കളും ഫോട്ടോകളും കൊണ്ട് അലങ്കരിച്ച ബസ്, ആലപ്പുഴയിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. നിലവില്‍ വൈകിട്ട് 5.45-ന് തിരുവനന്തപുരം പോങ്ങുംമൂട് ജംഗഷനില്‍ നിന്ന് ശ്രീകാര്യം ജംഗ്ഷനിലേക്ക് പോയ്‌ക്കൊണ്ടിരിക്കയാണ്. ഏഴുകിലോമീറ്റര്‍ പിന്നിടാന്‍ മൂന്നുമണിക്കൂറിലധികം എടുത്തു. ജനങ്ങള്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ജംഗ്ഷനുകളില്‍ കൂടുന്നതുകൊണ്ട് ആലപ്പുഴയില്‍ എത്താന്‍ വളരെ വൈകുമെന്ന് ഉറപ്പാണ്.