ആലപ്പുഴ | ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താനയുടെ മൊഴിയില്‍ കുരുങ്ങി പ്രമുഖ നടന്മാര്‍. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും സിനിമയിലെ പ്രമുഖരുടെ നമ്പറുകള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. തന്റെ കയ്യില്‍ നിന്നും ലഹരിവസ്തുക്കള്‍ വാങ്ങുന്ന രണ്ട് പ്രമുഖ നടന്മാരുടെ പേരുകള്‍ തസ്ലിമ സുല്‍ത്താന എക്‌സൈസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ലഹരിക്കേസില്‍ നിന്നും തെളിവില്ലെന്ന കാരണത്താല്‍ രക്ഷപ്പെട്ട നടനാണ് ഒരാള്‍. നിരന്തരം ലഹരി ആരോപണങ്ങളില്‍ കുടുങ്ങുകയും അഭിമുഖത്തിനിടെ അവതാരകനെ തെറി പറഞ്ഞ് വിവാദത്തിലായ മറ്റൊരു നടന്റെയും പേരാണ് യുവതി വെളിപ്പെടുത്തിയത്.
ഓമനപ്പുഴ തീരദേശ റോഡില്‍ വെച്ച് ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയിലാണ് തസ്ലീമ പിടിയിലായത്. ആലപ്പുഴ നര്‍കോട്ടിക്സ് സി ഐ മഹേഷും സംഘവുമാണ് ഇവരെ പിടികൂടിയത്. രണ്ടുകോടിയിലധികം രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് ഇവരില്‍ നിന്നും എക്‌സൈസ് പിടികൂടിയത്. വിദേശത്ത് നിന്നുമെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയില്‍ പല സ്ഥലത്തും തസ്‌ളീമ വിതരണം ചെയ്തിരുന്നു എന്നാണ് സൂചന. ക്രിസ്റ്റീന എന്നും വിളിപ്പേരുള്ള തസ്‌ളീമ തായ്ലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്.