കൊച്ചി | കടലില്‍ നിന്നു കത്തുന്ന വാന്‍ ഹായ് എന്ന ചരക്കുകപ്പിലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെങ്കിലും കപ്പലില്‍ വലിയ സ്‌ഫോടനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍. ഇന്നലെ പകലും രാത്രിയും കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ തീ അണയ്ക്കാനുള്ള ദൗത്യത്തിലാണ്.
കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സച്ചേതും സമുദ്ര പ്രഹരിയുമാണ് ചുറ്റിനും നിന്ന് തീകെടുത്താന്‍ ശ്രമിക്കുന്നത്. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒരു വലിയ തടസ്സം സൃഷ്ടിക്കുകയാണ്. സുരക്ഷിതമായ അകലത്തില്‍ നിന്നാണ് ഉയര്‍ന്ന മര്‍ദ്ദമുള്ള ജെറ്റ് പമ്പുകള്‍ ഉപയോഗിച്ച് വെള്ളമൊഴിക്കുന്നത്. ഇന്നലെ ഒരുവിധം തീ നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മധ്യഭാഗത്ത് സ്‌ഫോടനങ്ങളും തീജ്വാലകളും തുടര്‍ന്നു. കാണാതായ നാല് ജീവനക്കാര്‍ക്കായുള്ള തിരച്ചിലില്‍ തുടരുകയാണ്.