വിഴിഞ്ഞം | ‘അങ്ങനെ നമ്മള്‍ അതും നേടി’ വിഴിഞ്ഞം പദ്ധതി രാജ്യത്തിനു സമര്‍പ്പിച്ച അഭിമാന നിമിഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു തുറമുഖത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണ് വഹിക്കുന്നതെന്നും കണക്കുകള്‍ വിവരിച്ച് അദ്ദേഹം പറഞ്ഞു.
പദ്ധതി രൂപപ്പെടുത്തിയതും നടപ്പാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിനു മുമ്പ് സംസാരിച്ച മന്ത്രി വി.എന്‍. വാസവന്‍ പിണറായി വിജയനെ തുറമുഖത്തിന്റെ ശില്‍പ്പിയെന്ന് വിശേഷിപ്പിച്ചാണ്് സ്വാഗതം ചെയ്തത്. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ കാരമമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ലെന്നു പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കും എന്ന വാക്ക് അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പദ്ധതിയില്‍ പങ്കുവഹിച്ചത്. കാലം കരുതിവച്ച കര്‍മയോഗിയെന്ന് പിണറായിയെ പുകയ്ത്തിയ വാസവന്‍ എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറഞ്ഞത് അര്‍ഥപൂര്‍ണമായിയെന്നു പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
അദാനിയെ സര്‍ക്കാരിന്റെ പങ്കാളിയെന്ന് വി.എന്‍. വാസവന്‍ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത് ആയുധമാക്കിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയെന്നാണ് പയുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു കമ്യൂണിസ്റ്റ് മന്ത്രിയാണ് ഇത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതത്തിന്റെ സൂചനയെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് രാജ്യത്തിന്റെ വന്‍ വികസന പദ്ധതികള്‍ നടക്കുന്നത്.
കേരളം ലോകസമുദ്ര വാണിജ്യത്തില്‍ മുന്‍പന്തിയില്‍ എത്തുകയും വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യട്ടെ. അതിനായി കേന്ദ്രവും കേരളത്തിനൊപ്പം പ്രവര്‍ത്തിക്കും. നമുക്ക് ഒരുമിച്ച് വികസിത കേരളം പടുത്തുയര്‍ത്താമെന്നു പറഞ്ഞ മോദി ഇന്ത്യാ സഖ്യത്തെ രാഷ്ട്രീയമായി പരാമര്‍ശിക്കാനും മറന്നില്ല. ‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും.’ മോദി പറഞ്ഞു. ഇത്രയും വലിയ തുറമുഖം ഇവിടെ നിര്‍മിച്ചുവെന്ന് ഗുജറാത്തിലെ ആളുകള്‍ അറിഞ്ഞാല്‍ അവര്‍ക്കു ദേഷ്യം വരാന്‍ സാധ്യതയുണ്ടെന്ന് അദാനിയോട് ചിരിയോടെ മോദി പറഞ്ഞു. അവിടെ ഇതുവരെ ഇത്രയും വലിയ തുറമുഖം നിര്‍മിക്കാന്‍ അദാനിക്കു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേദിയില്‍ 16 പേര്‍ ഉണ്ടായിരുന്നിട്ടും പ്രസംഗിക്കാന്‍ അവസരം മൂന്നു പേര്‍ക്കായിരുന്നു. അതിലുടെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ നിലപാടുകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം പടിക്കു പുറത്ത് അലയടിക്കുകയാണ്.