കൊച്ചി | എന്‍ബിടിസിയുടെ കുവൈറ്റ് ലേബര്‍ ക്യാമ്പില്‍ വെന്തുമരിച്ച മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം ഹെര്‍ക്കുലീസ് കൊച്ചിയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 1.30തോടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പറന്നുയര്‍ന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. രാവിലെ 8:45 ഓടെ വിമാനം കൊച്ചിയിലെത്തും.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തും. ഇവിടെ നിന്നും പ്രത്യേകം ആംബുലന്‍സുകളിലായി വീടുകളിലേക്ക് എത്തിക്കും. അതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.
കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി. കമ്പനിയുടെ ജീവനക്കാരെ താമസിപ്പിച്ചിരുന്ന കെട്ടിടത്തില്‍ ബുധനാഴ്ചയാണ് അഗ്‌നിബാധയുണ്ടാകുന്നത്. ദുരന്തത്തില്‍ മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാരായിരുന്നു. ഇതില്‍ 24 പേര്‍ മലയാളികളാണ്. 45 പേരില്‍ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുകയെന്നാണ് വിവരം.