തിരുവനന്തപുരം | സപ്ലൈകോ ആരംഭിക്കുന്ന സ്‌കൂള്‍ ഫെയറില്‍ 15 മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. സ്‌കൂള്‍ ഫെയര്‍ 2025 ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോര്‍ട്ടിലെ പീപ്പിള്‍സ് ബസാറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ബാഗ്, കുട, നോട്ട്ബുക്ക്, ഇന്‍സ്ട്രമെന്റ് ബോക്സ് തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭിക്കും. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതു സമൂഹത്തിന് പരമാവധി സഹായം നല്‍കുക എന്നതാണ് ലക്ഷ്യം.
സപ്ലൈകോയും സഹകരണ സ്ഥാപനങ്ങളുമടക്കം നടത്തുന്ന വിപണി ഇടപെടല്‍ മാതൃകാപരമാണ്. ന്യായ വിലക്ക് ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ താലൂക്ക്, ജില്ലാതലങ്ങളില്‍ ഫെയറിലൂടെ ലഭ്യമാകും. 172 പേജുള്ള 31 രൂപ എം.ആര്‍.പിയുള്ള ശബരി നോട്ട്ബുക്കുകള്‍ 28 രൂപക്കാണ് വിതരണം ചെയ്യുന്നത്. കോളേജ്, പ്രീമിയം ബുക്കുകള്‍ക്കും കുടകള്‍ക്കുമെല്ലാം ഇതേ രീതിയില്‍ വിലക്കുറവുണ്ടെന്നും പൊതുജനങ്ങള്‍ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.