മലപ്പുറം | മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അഗ്നിപര്‍വ്വതത്തിന്റെ മുകളിലെന്ന് ഇടത് സ്വതന്ത്ര എം.എല്‍.എ പി.വി. അന്‍വര്‍. ഇത് എപ്പോള്‍ വേണമെങ്കിലും തകരും. എ.കെ.ജി സെന്ററിനെ പൊളിക്കാനുള്ള തെളിവുകളുണ്ട്. എന്നാല്‍ പാര്‍ട്ടിയെ തല്‍ക്കാലം തകര്‍ക്കില്ല. കെട്ടവരുടെ കൈയ്യില്‍ നിന്നും നല്ലവരുടെ കൈയ്യിലേക്ക് പാര്‍ട്ടി എത്തുമെന്നും അന്‍വര്‍ പറഞ്ഞു.
എല്ലാ അര്‍ത്ഥത്തിലും സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വലിയ പ്രതിരോധത്തിലേക്കു തള്ളിവിടുന്നതാണ് അന്‍വര്‍ എം.എല്‍.എയുടെ പത്രസമ്മേളനം. പോക്കു തുടര്‍ന്നാല്‍ അവസാന സി.പി.എം മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. തന്റെ പരാതിയില്‍ കേസ് അന്വേഷണം തൃപ്തികരമല്ല. പി.വി. അന്‍വര്‍ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മു്ന്നില്‍ ഇട്ടുകൊടുക്കുകയായിരുന്നു. കളളക്കടത്തുകാരെ താന്‍ മഹത്വവല്‍ക്കരിക്കുന്നുവെന്ന പ്രസ്താവനയും ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി തന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാര്‍ട്ടി തിരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അന്‍വര്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
കേരളത്തില്‍ കത്തി ജ്വലിച്ചിരുന്ന സൂര്യനായിരുന്ന പിണറായി വിജയന്‍ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്നു പൂജ്യമായി താഴ്ന്നു. മുഖ്യമന്ത്രിയെ കണ്ട വേളയില്‍ പി.ശശിയുടെ ക്യാബിന്‍ ചൂണ്ടിക്കാട്ടി എല്ലാത്തിനും കാരണം ശശിയാണെന്ന് പറഞ്ഞിരുന്നുവെന്നും അന്‍വര്‍ പറയുന്നു.
ദൈവത്തിനും പാവപ്പെട്ട മനുഷ്യര്‍ക്കും സഖാക്കള്‍ക്കും മാത്രമേ കീഴ്‌പ്പെടൂ. ഒരു കൊമ്പനും കീഴടങ്ങില്ല. പാര്‍ട്ടിയില്‍ റിയാസ് മാത്രം മതിയോയെന്ന ചോദ്യവും ഒരുവേള അന്‍വര്‍ ഉയര്‍ത്തി.
കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭയാനാകമായ വിഷയം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും നേതാക്കന്‍മാര്‍ ഒറ്റക്കെട്ടാണെന്നുള്ളതാണ്. ബി.ജെ.പിക്കു സീറ്റുണ്ടാക്കി കൊടുത്തത് അജിത് കുമാറാണ്. ആരെങ്കിലും നിര്‍ദേശിച്ചിട്ടാകില്ലേ അജിത് കുമാര്‍ സീറ്റുണ്ടാക്കി കൊടുത്തതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ പൊതു പ്രവര്‍ത്തകര്‍ക്ക് പൊതുവിഷയങ്ങളില്‍ ഇടപെടേണ്ട എല്ലാ സ്വാതന്ത്ര്യത്തിനും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു.