പാലക്കാട് | നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ‌ യുഡിഎഫുമായി സഹകരിച്ച് ഡിഎംകെ പ്രസക്തി നിലനിർത്താൻ പി.വി.അൻവർ എംഎൽഎയുടെ സഹകരിക്കൽ ഫോർമൂല. ചേലക്കര മണ്ഡലത്തിൽ  ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ) സ്ഥാനാർഥി എൻ.കെ.സുധീറിനെ പിന്തുണച്ചാൽ പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

അൻവറിന്റെ പാർട്ടിയുടെ സ്ഥാനാർഥികളെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം അഭ്യർഥിച്ചിരുന്നു.  യുഡിഎഫ് നേതാക്കളുമായി ചർച്ച നടക്കുകയാണെന്നും അൻവർ  വ്യക്തമാക്കി. അൻവറുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശയവിനിമയം നടത്തി. രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പിൻവലിക്കണമെന്നാണു നേതാക്കൾ അൻവറിനോട് ആവശ്യപ്പെട്ടത്. നരേന്ദ്ര മോദിക്കും പിണറായി വിജയനും എതിരായ പോരാട്ടത്തിൽ പങ്കാളിയാകാന്‍ അൻവറിനോട് നേതാക്കൾ അഭ്യർഥിച്ചു. ന്യൂനപക്ഷ മേഖലയിൽ അൻവറിന് വോട്ടുബാങ്കുള്ളതിനാൽ യുഡിഎഫ് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. 

പിവി അന്‍വര്‍ ആവശ്യപ്പെട്ടത് പോലെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ടെന്ന ധാരണയിലാണ് യു.ഡി.എഫ്. നേതൃത്വം. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും. അന്‍വറുമായി അനുനയ നീക്കങ്ങള്‍ തുടരുകയും ചെയ്യുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.

ഇടതു മുന്നണിയിൽനിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് നിലമ്പൂർ എംഎൽഎ പി.വി.അൻവർ ഡിഎംകെ എന്ന പേരിൽ സംഘടന രൂപീകരിച്ചത്. ആഭ്യന്തര വകുപ്പിലെ അഴിമതി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണങ്ങൾ തുടങ്ങിയവ പരസ്യമായി ഉന്നയിച്ചതിനെ തുടർന്നാണ് അൻവറിന് ഇടതു മുന്നണിയിൽനിന്ന് പുറത്തേക്ക് പോകേണ്ടി വന്നത്. താൻ ഉയർത്തിയ വാദങ്ങൾ ജനം അംഗീകരിച്ചില്ലെന്ന് വിലയിരുത്തുന്ന തെരഞ്ഞെടുപ്പ് ഫലം ഉണ്ടായാൽ അത് ഡിഎംകെയുടെ  പ്രസക്തി ചോദ്യം ചെയ്യപ്പെടും.


palakkad-chelakara-pv-anwar-political-deal-udf Idf

LEAVE A REPLY

Please enter your comment!
Please enter your name here