മലപ്പുറം | നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി.അന്‍വര്‍ സമര്‍പ്പിച്ച പത്രിക തള്ളി. എന്നാല്‍ സ്വതന്ത്രനായി മത്സരിക്കാന്‍ സമര്‍പ്പിച്ച പത്രികയ്ക്ക് അംഗീകാരം ലഭിച്ചതോടെ അന്‍വര്‍ മത്സരരംഗത്തുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഉള്ള ഒരു സംസ്ഥാന പാര്‍ട്ടി എന്ന നിലയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കുന്നത്. അതുകൊണ്ട് നാമനിര്‍ദേശപത്രികയില്‍ 10 പേര് ഒപ്പ് ഇടണമായിരുന്നു. അതു ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. സ്വതന്ത്രനായി മത്സരരംഗത്തുണ്ടാകുമെന്നും കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടാണെന്നും താന്‍ മാത്രമാണ് ഒറ്റയ്ക്ക് നില്‍ക്കുന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.