തിരുവനന്തപുരം: സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കിക്കൊണ്ട് ഓപ്പറേഷന്‍ ഡി -ഹണ്ട്.

സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 2,762 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,854 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി രാജ്യാന്തര വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (1.312 കി.ഗ്രാം), കഞ്ചാവ് (153.56 കി.ഗ്രാം) കൂടാതെ ഹാഷിഷ് ഓയില്‍ (18.15 ഗ്രാം), ബ്രൗണ്‍ ഷുഗര്‍ (1.855 ഗ്രാം), എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 17,246 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 2025 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്നു വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

മയക്കുമരുന്ന് വിപണനത്തില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെക്കുറിച്ച് മുന്‍കൂട്ടി രഹസ്യ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇവരെ തുടര്‍ച്ചയായി നിരീക്ഷണത്തില്‍ വയ്ക്കുകയും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് തുടരും.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here