തിരുവനന്തപുരം | ഹിന്ദി ഹൃദയഭൂമിയില്‍ ഉണ്ടാവുന്ന കുറവ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കണ്ടെത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞില്ല. എന്നാല്‍, ഇടതിനെയും യു.ഡി.എഫിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് കേരളത്തില്‍ താമര വിരിഞ്ഞു. 18 സീറ്റുകള്‍ യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ അതു ഇടതു ക്യാമ്പുകള്‍ പ്രതീക്ഷിച്ചതിനെക്കാളൂം വലിയ ആഘാതമായി. എന്നു മാത്രമല്ല, പല സ്ഥല്ങ്ങളിലെയും വോട്ടു ചേര്‍ച്ച അവരെ ഉത്തരം മുട്ടിക്കുകയും ചെയ്യുന്നു.

എഴുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃശൂരിന്റെ മണ്ണില്‍ വിരിയിച്ച താമര സുരേഷ് ഗോപി കൈയെത്തി അരിവാളുകൊണ്ട് മുറിച്ചെടുത്തപ്പോള്‍ പ്രബല മുന്നണികള്‍ ശരിക്കും ഞെട്ടി. മലയാളികള്‍ക്ക് ബി.ജെ.പിയോട് അയിത്തം കുറഞ്ഞു. തിരുവനന്തപുരവും ആറ്റിങ്ങലും ആലപ്പുഴയും കോഴിക്കോടും എന്തിന് കണ്ണൂരും ഇക്കാര്യം തുറന്നു പറയുന്നു. എന്നാല്‍, മോദിയുടെ കൈകള്‍ക്കു കരുത്തു പകരാന്‍ അദ്ദേഹത്തിന്റെ ഗ്യാരന്റി മാത്രം പോരെന്നു കൂടി മലയാളികള്‍ പറഞ്ഞു വച്ചതിന്റെ തെളിവുകൂടിയാണ് തൃശൂര്‍. ജനങ്ങളുടെ മനസില്‍ സ്ഥാനം കണ്ടെത്തിയ സുരേഷ് ഗോപി ചിരിക്കുമ്പോള്‍ ചില നേതാക്കളെങ്കിലും മനസിലെ തീയായി അതോര്‍ക്കും.

സുരേഷ് ഗോപിയുടെ വിജയം തീകോരിയിട്ടിരിക്കുന്നത് ഇരുമുന്നണികളിലുമാണ്. ഇടതു മുന്നണിയില്‍ അത് നീറികൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ പൊട്ടി. സംസ്ഥാനത്തു നേടിയ 18 സീറ്റിന്റെ വിജയത്തിന്റെ തിളക്കം തൃശൂരിലെ പൊട്ടിത്തെറിയില്‍ മങ്ങുമോയെന്ന ആശങ്കയിലാണ് മുന്നണി നേതൃത്വം. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച ഭൂരിപക്ഷം സര്‍ക്കാരുകളില്‍ ജനം എത്രമാത്രം തൃപ്തരാണെന്നതിന്റെ അളവുകോലു കൂടിയാണ്. ആറ്റിങ്ങലിലെ അടൂര്‍ പ്രകാശ് മാത്രമാണ് ജയിച്ചവരില്‍ ശരിക്കും വെള്ളം കുടിച്ചയാള്‍.

വയനാട്ടില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 6,47,445 വോട്ടുകള്‍ നേടിയ രാഹുല്‍ 3,64,442 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തുടര്‍ച്ചയായ രണ്ടാം തവണയും ജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ആനി രാജയ്ക്ക് 2,83,023 വോട്ടുകള്‍ നേടി. കെ സുരേന്ദ്രന് ലഭിച്ചത് 1,41,045 വോട്ടുകളാണ്. രാഹുലിന്റെ ഭൂരിപക്ഷം കുറക്കാനായി എന്നതില്‍ എതിരാളികള്‍ക്ക് ആശ്വസിക്കാം. ഇരുവര്‍ക്കും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഒരിക്കല്‍ കൂടി കളത്തിലിറങ്ങാന്‍ അവസം ലഭിച്ചേക്കും.

ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ. ആ തിരിച്ചറിവുകൊണ്ടു തന്നെ ഇടതിന്റെ കനല്‍ ജനം അവശേഷിപ്പിച്ചു. കഴിഞ്ഞതവണ ആലപ്പുഴയില്‍ ഉണ്ടായിരുന്ന ‘കനല്‍’ ഒരു തരിയായി ആലത്തൂരില്‍ തിളങ്ങി. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് പാട്ട് പാടി ജയിച്ച ആലത്തൂര്‍. ബി.ജെ.പി 1,88,230 വോട്ടു പിടിച്ചപ്പോള്‍ ഇക്കുറി കാര്യങ്ങള്‍ മാറി മറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here