തിരുവനന്തപുരം | കോണ്‍ഗ്രസില്‍ നിന്നു പുറത്തുവന്ന ഡോ. പി. സരിനെ പാലക്കാടും മുന്‍ എം.എല്‍.എ. യു.ആര്‍. പ്രദീപിനെ ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് സി.പി.എം.
യുഡിഎഫ് സ്ഥാനാര്‍ഥികളായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനേയും ചേലക്കരയില്‍ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസിനായി പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയെ സിപിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഇടതുമുന്നണി വിജയിക്കുമെന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ശേഷം എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമോ എന്ന ചോദ്യത്തിനു പ്രസക്തി ഇല്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു സരിന്‍.