തിരുവനന്തപുരം | പി.വി.അന്‍വറിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ആയുധമാക്കിയ സ്വര്‍ണക്കടത്തും ഹവാലപ്പണം പിടിക്കലും മലപ്പുറം പരാമര്‍ശവും പിണറായി വിജയനെതിരെ ശക്തമായ ആയുധമാക്കാൻ ഒരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശവിരുദ്ധ പരാമര്‍ശം സംബന്ധിച്ച തന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.

സ്വര്‍ണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വന്ന ദേശവിരുദ്ധ പരാമര്‍ശം, ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണം എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ നല്‍കാതിരിക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് ഗവര്‍ണര്‍ പ്രകടിപ്പിച്ചത്.  ഇതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളിയത്. കഴിഞ്ഞ ദിവസം പി.വി.അന്‍വര്‍ രാജ്ഭവനിലെത്തി നല്‍കിയ നിവേദനത്തില്‍ ഗവര്‍ണര്‍ എന്ത് ഇടപെടല്‍ നടത്തുമെന്നതും നിര്‍ണായകമാണ്. 

കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ കടുത്ത ഭാഷയാണ് ഗവര്‍ണര്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു  വര്‍ഷമായി ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടും മുഖ്യമന്ത്രി പുലര്‍ത്തുന്ന നിശബ്ദതയും നിഷ്‌ക്രിയത്വവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രസ്താവനയെക്കുറിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിലെ കാലതാമസവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണറുടെ കത്തില്‍ പറയുന്നു. ചീഫ് സെക്രട്ടറിയോടു വിവരങ്ങള്‍ ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നല്‍കിയ കത്തിനാണ് അന്നു തന്നെ വൈകി ഗവര്‍ണര്‍ മറുപടി നല്‍കിയത്. ഭരണഘടനയിലെ 154, 163, 167 വകുപ്പുകളും റൂള്‍സ് ഓഫ് ബിസിനസും ഓര്‍മിപ്പിച്ച്, ഗവര്‍ണറോട് മുഖ്യമന്ത്രി മറുപടി പറയേണ്ടതായ കാര്യങ്ങളിലല്ലാതെ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്ന വിശദീകരണവുമായി ചൊവ്വാഴ്ച രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചത്. എന്നാല്‍, മുഖ്യമന്ത്രി ഉദ്ധരിച്ച ഭരണഘടനയിലെ വകുപ്പ് 167 പ്രകാരം, ഗവര്‍ണര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് ഗവര്‍ണര്‍ മറുപടിയില്‍ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here