കണ്ണൂർ | യാത്ര അയപ്പ് വേദിയിൽ ക്ഷണിക്കാതെ എത്തിയ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ രൂക്ഷമായി വിമർശിച്ച എഡിഎമ്മിനെ ക്വാർട്ടേഴ്സിൻ മരിച്ച നിലയിൽ കണ്ടെത്തി. എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പി പി ദിവ്യക്കെതിരെ വ്യാപക പ്രതിഷേധം. അതിനിടെ ദിവ്യ ഉന്നയിച്ച ആരോപണത്തിലെ പമ്പ് ഉടമ പ്രശാന്ത് എഡിഎം നവീൻ ബാബു കൈകൂലി ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രിക്കു നൽകിയ പരാതി പുറത്തുവന്നു.
പെട്രോൾ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീൻ ബാബുവിന് അപേക്ഷ നൽകിയെങ്കിലും ആറ് മാസത്തോളം ഫയൽ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും പിന്നീട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടു എന്നുമാണ് പ്രശാന്തിൻ്റെ ആരോപണം. ഒക്ടോബർ ആറിന് അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാങ്ക് ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞപ്പോൾ അത് അദ്ദേഹം വിലക്കി. ഗൂഗിൾ പേ വഴി അയക്കാം എന്ന് പറഞ്ഞപ്പോഴും സമ്മതിച്ചില്ല. അത്രയും പണം കയ്യിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ രണ്ട് ദിവസത്തിനകം സംഘടിപ്പിച്ച് തന്നാൽ മതി എന്ന് പറഞ്ഞു. തന്റെ കയ്യിൽ ഉള്ള പണവും മറ്റുള്ളവരിൽ നിന്നും വാങ്ങിയതും ചേർത്ത് 98500 രൂപ നവീൻ ബാബുവിന് ഒക്ടോബർ ആറിന് തന്നെ നൽകിയെന്നും പ്രശാന്ത് പറയുന്നു. അദ്ദേഹം ക്വാട്ടേഴ്സിലേക്ക് വിളിച്ച് വരുത്തിയതിന് ഉൾപ്പടെ ഫോൺ രേഖകൾ ഉണ്ടെന്നും പ്രശാന്ത് പറയുന്നു.
നവീൻ ബാബു ഇന്ന് പത്തനംതിട്ടയിൽ ചുമതല ഏൽക്കേണ്ടതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്ന ഭാര്യയും മക്കളും നവീൻ വണ്ടിയിൽ ഇല്ലാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് നവീന്‍ ബാബു.