തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വരും മണിക്കൂറുകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. മഴക്കെടുതികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.കോട്ടയം, എറണാകുളം ജില്ലകളിൽ തീവ്രമഴയ്‌ക്ക് സാധ്യതയുണ്ട്. ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനമാണ് കേരളത്തിൽ മഴ കനക്കാൻ കാരണം.കനത്ത മഴയില്‍ എറണാകുളം ജില്ല മഴയില്‍ മുങ്ങി. കളമശ്ശേരി, കാക്കനാട് മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടറോഡുകളിലുൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. അരുവിക്കര സര്‍ക്കാര്‍ ആശുപത്രിയുടെയും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും മതില്‍ തകര്‍ന്നു. പൊന്മുടിയില്‍ യാത്ര നിരോധനം ഏർപ്പെടുത്തി. ചേര്‍ത്തലയില്‍ ദേശിയ പാതയില്‍ മരം വീണു.ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. കണ്ണമാലി സൗദി പള്ളിക്ക് സമീപം വള്ളം മുങ്ങി ഒരാളെ കാണതായി. തിരച്ചിൽ തുടരുകയാണ്. മൂന്ന് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോകുകയും ചെയ്തു.