കൊച്ചി | പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനു വധശിക്ഷ തന്നെ. വധശിക്ഷയ്ക്കെതിരെ പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ഹൈക്കോടതി വധശിക്ഷ ശരിവച്ചത്. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ആളൂര്‍ പ്രതികരിച്ചു.
വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്. ഡിഎന്‍എ സാംപിളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. കോടതി വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു.
കൊലപാതകം, ലൈംഗിക പീഡനം, അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെതിരെ തെളിഞ്ഞത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതി അപ്പീലില്‍ വാദിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ പേര് വിചാരണ നടപടികളുടെ ആദ്യഘട്ടത്തില്‍ കോടതി രേഖകളില്‍ ഉപയോഗിച്ചിരുന്നെങ്കിലും അന്തിമ വിധിന്യായത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. മരണശേഷവും ഇരയുടെ സ്വകാര്യതയെ മാനിക്കാനാണു യുവതിയുടെ പേരിനു പകരം ഇംഗ്ലിഷ് അക്ഷരമാലയിലെ ‘ജെ’ എന്ന അക്ഷരം ഉപയോഗിക്കുന്നതെന്നും കോടതി രേഖപ്പെടുത്തി.