തിരുവനന്തപുരം | കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശലയിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.എം.ആര്‍.ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തു.
സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളില്‍ വൈസ് ചാന്‍സലര്‍ വേണ്ടത്ര ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. വി.സിക്കെതിരെ അന്വേഷണത്തിനു ഉത്തരവിടുകയും സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. വിദ്യാര്‍ഥിയുടെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. അതേസമയം, ഗവര്‍ണറുടെ നടപടിയോട് യോജിപ്പില്ലെന്നും അംഗീകരിക്കാനാവില്ലെന്നും മന്ത്രി ജെ. ചിഞ്ജുറാണി പ്രതികരിച്ചു. സര്‍ക്കാരുമായി ഒരു കൂടിയാലോചനയും ഗവര്‍ണര്‍ നടത്തിയിട്ടില്ല.
സിദ്ധാര്‍ഥിന്റെ മരണമുണ്ടായിട്ടും യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ അനുസരിച്ച് വിസി കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. വിസി ചുമതലകളില്‍ വീഴ്ച വരുത്തിയെന്നത് യൂണിവേഴ്‌സിറ്റി നല്‍കിയ റിപ്പോര്‍ട്ടുകളിലും വ്യക്തമാണ്. യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംഭവങ്ങളില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റ് ആക്ട് 2010ലെ സെക്ഷന്‍ 9 (9) അനുസരിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ചട്ടം അനുസരിച്ച് ഹൈക്കോടതി ജഡ്ജിയോ സുപ്രീംകോടതി ജഡ്ജിയോ ആണ് അന്വേഷിക്കേണ്ടത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ അലവന്‍സിന് അര്‍ഹതയുണ്ടായിരിക്കും. വിരമിച്ച അധ്യാപകനായ ഡോ.പി.സി. ശശീന്ദ്രനു വി.സിയുടെ താല്‍ക്കാലിക ചുമതല നല്‍കുന്ന ഉത്തരവ് സര്‍വകലാശാല ആസ്ഥാനത്ത് എത്തുകയും ചെയ്തു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഹൈക്കോടതിക്ക് കത്ത് നല്‍കി. സിദ്ധാര്‍ഥന്റേത് കൊലപാതകമാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. ക്യാംപസില്‍ എസ്എഫ്ഐയും നിരോധിത സംഘടനയായ പിഎഫ്‌ഐയും തമ്മില്‍ കൂട്ടുകെട്ടാണുള്ളത്. എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്‌ഐ ഓഫിസാക്കുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.