തിരുവനന്തപുരം | രാജ്യത്തെ പ്രമുഖ പ്രകൃതിചരിത്ര മ്യൂസിയങ്ങളിലൊന്നായ തിരുവനന്തപുരം നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നൂതന ഡിജിറ്റല്‍ ഗൈഡഡ് ടൂര്‍ സംവിധാനം സജ്ജമായി. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ വിജ്ഞാനവും വിനോദവും പകരുന്ന രീതിയില്‍ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളില്‍ മ്യൂസിയത്തിലെ ശേഖരങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതാണ് ഡിജിറ്റല്‍ സംവിധാനം.
മ്യൂസിയം മൃഗശാല വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ഇന്ത്യയിലെ 13 നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയങ്ങളിലൊന്നാണ്. തിരുവിതാംകൂര്‍ കൊളോണിയല്‍ ഭരണകാലത്ത് 1853-ല്‍ സ്ഥാപിച്ച മ്യൂസിയത്തില്‍ നിന്നാണ് തിരുവനന്തപുരം നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം സ്ഥാപിക്കപ്പെട്ടത്. പ്രകൃതിചരിത്ര ശേഖരങ്ങള്‍ക്കായി പ്രത്യേകമായി മ്യൂസിയം സ്ഥാപിക്കപ്പെട്ടത് 1964-ലാണ്.
ജൂലൈ 2ന് ബുധനാഴ്ച വൈകുന്നേരം 4ന് മ്യൂസിയം, രജിസ്ട്രേഷന്‍, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഡിജിറ്റല്‍ ഗൈഡഡ് ടൂര്‍ സംവിധാനം ഉദ്ഘാടനം ചെയ്യും. മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും.