കൊല്ലം | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായ സി.വി. പത്മരാജന്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1983 മുതല്‍ 1987 വരെ കെ.പി.സി.സി പ്രസിഡന്റായി പത്മരാജന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു.

വൈദ്യുതി, ധനകാര്യം, മത്സ്യബന്ധനം, കയര്‍ വികസനം, സാമൂഹികക്ഷേമം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ പത്മരാജന്‍ കൈകാര്യം ചെയ്തിരുന്നു. ആറ് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും രണ്ട് തവണ ചാത്തന്നൂരില്‍ നിന്ന് വിജയിക്കുകയും ചെയ്തു. 1982 ലും 1991 ലും അദ്ദേഹം വിജയിച്ചു. 1992 ല്‍ ഒരു അപകടത്തെത്തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് വിദേശത്തേക്ക് പോകേണ്ടിവന്നപ്പോള്‍ പത്മരാജന്‍ കേരളത്തിന്റെ കാവല്‍ മുഖ്യമന്ത്രിയായിരുന്നു.

1931 ജൂലൈ 22 ന് കൊല്ലം ജില്ലയിലെ പറവൂരില്‍ കെ. വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച അദ്ദേഹം. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെയാണ് പത്മരാജന്‍ പൊതുജീവിതത്തിലേക്ക് പ്രവേശിച്ചത്. വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായി സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ പങ്കെടുത്തു.

1991 മുതല്‍ 1995 വരെ എ കെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി, കയര്‍ തുടങ്ങിയ വകുപ്പുകളും കുറച്ചുകാലം ധനകാര്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. പിന്നീട് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായും കൊല്ലം ജില്ലയുടെ ഗവണ്‍മെന്റ് പ്ലീഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here