തിരുവനന്തപുരം | ദുരന്തങ്ങള്‍ക്കും കെടുതികള്‍ക്കും നടുവില്‍ നില്ക്കുന്ന മലയാളിക്ക് കൈനിറയെ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു. പൊന്നിന് ചിങ്ങത്തില് ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ്.
കര്‍ക്കിടകത്തിലെ ദുരിതങ്ങള്‍ ഒഴിഞ്ഞ് ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. കാണം വിറ്റും ഓണം ഉണ്ണുന്ന കാലം. കര്‍ഷകര്‍ക്ക് വിളവെടുപ്പിന്റെ കാലം.
വയനാട്ടിലെ വന്‍ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറും മുന്നേയാണ് ഇത്തവണ മലയാളി ചിങ്ങത്തെ വരവേല്‍ക്കുന്നത്. കര്‍ക്കിടകത്തില്‍ നടത്താതെ മാറ്റിവച്ച ഗൃഹപ്രവേശം, പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനം, പുതിയ വ്യവസായം ആരംഭിക്കല്‍ എന്നിവ കൂടുതല്‍ നടക്കുന്നത് ചിങ്ങത്തിലാണ്. ചിങ്ങം ഒന്നിന് പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഐശ്വര്യമാണെന്നാണ് പൊതുവെയുള്ള വിശ്വാസം.
സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം. ഇക്കുറി സര്‍ക്കാര്‍ തലത്തിലുള്ള ഓണം വാരാഘോഷം ഉണ്ടാകില്ല.