ബാലാവകാശ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: മാതാപിതാക്കളുടെ വിവാഹമോചനം ഓരോ കുടുംബങ്ങളെയും വ്യത്യസ്തമായ തലങ്ങളിലാണ് ബാധിക്കുന്നതെന്നും കുട്ടികളിലുണ്ടാകുന്ന ആഘാതം വലുതാണെന്നും ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട്.

കുട്ടികളില്‍ കടുത്ത ദു:ഖം, കോപം, ഉത്കണ്ഠ, ഭയം, ആശയക്കുഴപ്പം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. കോടതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് എത്തുന്ന കുട്ടികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നത് കടുത്ത മാനസിക, ശാരീരിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്നതായും പഠനം വെളിവാക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതികളില്‍ പ്രാഥമിക പഠനം നടത്തുകയും തുടര്‍ന്ന് എല്ലാ ജില്ലകളിലെയും കോടതികള്‍ കമ്മിഷന്‍ ജീവനക്കാര്‍ നേരിട്ട് സന്ദര്‍ശിച്ചുമാണ് പഠനം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത 35 കുടുംബ കോടതികളിലെയും ശിശു സൗഹൃദ അന്തരീക്ഷവും കമ്മിഷന്‍ പഠന വിധേയമാക്കി. കോടതി പരിസരത്ത് കുട്ടികള്‍ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും വിനോദ വിജ്ഞാന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിന് സൗകര്യങ്ങളില്ലാത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കേരളത്തില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തിട്ടുളള മാതാപിതാക്കളുടെ കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കുടുംബ കോടതി സാഹചര്യങ്ങളും സംബന്ധിച്ച പഠനറിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കമ്മിഷന്റെ ശുപാര്‍ശകളിന്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പഠന റിപ്പോര്‍ട്ട് വിവിധ വകുപ്പുകള്‍ക്കും കൈമാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here