തിരുവനന്തപുരം| പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ സി.ബി.ഐ വരുന്നു. അന്വേഷണം സ.ബി.ഐക്കു വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

സിദ്ധാര്‍ഥന്റെ പിതാവും ബന്ധുക്കളും ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണ് നടപടി. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ഥന്റെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനിടെ, മരണത്തെക്കുറിച്ച് അന്വേഷിച്ച കോളജിലെ ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നു. കൊടിയ പീഡനം വരച്ചു കാട്ടുന്നതു കൂടിയാണ് റിപ്പോര്‍ട്ട്.

കേസ് അന്വേഷണം സിബിഐക്ക് വിട്ട നടപടിയെ സിദ്ധാര്‍ഥന്റെ കുടുംബം സ്വാഗതം ചെയ്തു. നീതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ വിവിധ സംഘടനകള്‍ സമരം അവസാനിപ്പിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണു സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണത്തില്‍ ഒരുപാട് സംശയങ്ങളം തെളിവുകളുമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിനു പിന്നാലെ പിതാവ് ജയപ്രകാശ് മാധ്യമങ്ങളോടു പറഞ്ഞത്. ”സിദ്ധാര്‍ഥനെ ക്രൂരമായി ഉപദ്രവിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. ഡോക്ടര്‍മാരെ താന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു കാണിച്ചിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത ആള്‍ എങ്ങനെ തൂങ്ങിമരിക്കുമെന്നാണ് അവര്‍ ചോദിച്ചത്. കുറേ വിവരങ്ങള്‍ ഡോക്ടര്‍മാരില്‍നിന്ന് കിട്ടി. അതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു. എന്താണ് ആവശ്യമെന്ന് മുഖ്യമന്ത്രി ചോദിച്ചു. സിബിഐ അന്വേഷണം വേണമെന്നു പറഞ്ഞു. മുഖ്യമന്ത്രി 5 മിനിട്ടോളം പരാതി വായിച്ചുനോക്കി. സിബിഐ അന്വേഷണം വേണമെങ്കില്‍ ഉറപ്പായും സിബിഐ അന്വേഷണത്തിനു വിടാം എന്നു പറഞ്ഞു”-ജയപ്രകാശ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here