തിരുവനന്തപുരം| ഇന്നു 11 – ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി തന്റെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പേ നയം വ്യക്തമാക്കി രാജീവ് ചന്ദ്രശേഖര്‍. ഫെയ്‌സ്ബുക്കില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിനൊപ്പം ആ പ്രശസ്ത വാചകവും രാജീവ് കുറിച്ചു.
”വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക, പ്രയത്‌നം കൊണ്ട് സമ്പന്നരാവുക” എന്ന വാക്യമാണ് രാജീവ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമാണ് അദ്ദേഹം ഈ വരികള്‍ കുറിച്ചത്.
കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കര്‍ ഇന്നലെ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖര്‍ ആണെന്ന് അറിയിച്ചത്. തുടര്‍ന്ന് അധ്യക്ഷസ്ഥാനത്തേക്കു രാജീവ് നാമനിര്‍ദേശ പത്രിക നല്‍കി. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണു സമര്‍പ്പിച്ചത്
സംസ്ഥാന നേതാക്കളില്‍ ആരെയും പരിഗണിക്കാതെ അപ്രതീക്ഷിതമായി രാജീവ് ചന്ദ്രശേഖറിന്റെ പേര് കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിലെ ഗ്രൂപ്പ് വഴക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാജീവിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എത്തിക്കുന്നത്.