തിരുവനന്തപുരം | ആശ പ്രവര്‍ത്തകര്‍ സെക്രട്ടറേറിറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിന് കൊടുത്തയക്കണമെന്നും പ്രതിഷേധം അങ്ങ് ഡല്‍ഹിയില്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.
ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികള്‍ സമരത്തില്‍ നുഴഞ്ഞു കയറിയെന്നും കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്ത് അയച്ചിട്ട് ഒരു മറുപടിയും ലഭിച്ചില്ലെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. സമരം തുടങ്ങി 50-ാം ദിനത്തിലാണ് ആശവര്‍ക്കര്‍മാര്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. സമര നേതാവ് മിനിയാണ് ആദ്യം മുടിമുറിച്ചത്. പിന്നാലെ മറ്റുള്ളവര്‍ മുടി മുറിച്ചു. വളരെ വൈകാരികമായ രംഗങ്ങളാണ് സമരമുഖത്ത് അരങ്ങേറിയത്. ചാനലുകളില്‍ ഈ ദൃശ്യങ്ങള്‍ വാര്‍ത്തയായി നിറഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിനെതിരേ സ്ത്രീകളുടെ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെയാണ് തലമുണ്ഡനം ചെയ്തവരെ പരിഹസിച്ച് മന്ത്രി രംഗത്തെത്തുന്നതും.