ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് മിഷന്‍ വളര്‍ച്ചാ കണക്കിനെ കണക്കിന് പ്രശംസിച്ച് രംഗത്തുവന്ന ശശി തരൂര്‍ നിലപാട് തിരുത്തി. കേരളത്തില്‍ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ പൂട്ടിയെന്ന റിപ്പോര്‍ട്ട് പങ്കുവച്ചാണ് തരൂര്‍ നിലപാട് മയപ്പെടുത്തുന്നത്.
വ്യവസായവകുപ്പിന്റെ സ്റ്റാര്‍ട്ട് അപ് മിഷന്‍ വളര്‍ച്ചാ കണക്ക് ശരിയല്ലെന്ന പാര്‍ട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശിതരൂരിനെ അറിയിച്ചിരുന്നു. പാര്‍ട്ടി ലൈനില്‍ നില്‍ക്കണമെന്ന എഐസിസിയുടെ കര്‍ശന സന്ദേശമാണ് കെപിസിസി അധ്യക്ഷനും കൈമാറിയത്. കണക്ക് കിട്ടിയാല്‍ തിരുത്താമെന്ന തരൂരിന്റെ വെല്ലുവിളിക്കുള്ള മറുപടിയായി കണക്ക് നിരത്തിത്തന്നെ പ്രതിപക്ഷനേതാവ് പരസ്യമായി മറുപടി പറഞ്ഞിരുന്നു. ഇതോടെ തരൂരും വെട്ടിലായി.

കേരളത്തിലെ വ്യവസായ വളര്‍ച്ചയും സ്റ്റാര്‍ട്ടപ്പുകളും കടലാസില്‍ മാത്രം ഒതുങ്ങരുതെന്നാണ് തരൂര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. കേരള സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാമെങ്കിലും കേരളത്തിലെ യഥാര്‍ത്ഥ സാഹചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.