തിരുവനന്തപുരം | പ്രശസ്ത സംവിധായനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ (73) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദരോഗ ബാധിതനായിരുന്നു. ഇന്ന് (തിങ്കള്‍) വൈകുന്നേരം 5 മണിയോടെ വഴുതക്കാട് ഉദരശിരോമണി റോഡിലുള്ള ‘പിറവി’ എന്ന വസതിയില്‍ വച്ചായിരുന്നു അന്ത്യം.
40 ഓളം ചിത്രങ്ങള്‍ക്ക് ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഷാജി എന്‍ കരുണ്‍ തന്റെ ഛായാഗ്രാഹകനായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 1989 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ അവാര്‍ഡിനുള്ള പ്രത്യേക പരാമര്‍ശം നേടിയ പിറവിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭം. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘സ്വം’, കാന്‍സിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെയും (IFFK) ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2011 ല്‍ അദ്ദേഹത്തിന് പത്മശ്രീ അവാര്‍ഡ് ലഭിച്ചു. 2023 ല്‍ മലയാള സിനിമയ്ക്ക് നല്കിയ ആജീവനാന്ത സംഭാവനയ്ക്ക് ജെ സി ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചു. 70-ലധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 അവാര്‍ഡുകള്‍ നേടുകയും ചെയ്ത പിറവി, കാന്‍സില്‍ പാം ഡി’ഓറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സ്വം, കാന്‍സില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ച വാനപ്രസ്ഥം എന്നിവയാണ് മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത ഷാജി എന്‍ കരുണിന്റെ സിനിമകള്‍. ദേശീയ, അന്തര്‍ദേശീയ വേദികളില്‍ അംഗീകാരം നേടിയ ഒരു പ്രതിഭയെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.