അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി നിര്‍ണ്ണായക കൂടിക്കാഴ്ച
കാബൂള്‍ | ഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പാക്പ്രകോപനം തുടരുന്നതിനിടെ അഫ്ഗാന്‍ ഭരിക്കുന്ന താലിബാനുമായി നിര്‍ണ്ണായക ചര്‍ച്ച നടത്തി ഇന്ത്യ. അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുമായി ഉന്നത ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ഇന്നലെ (തിങ്കള്‍) കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷം ജനുവരിയില്‍ ദുബായില്‍ മുത്താക്കിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് നടക്കുന്ന ഈ മീറ്റിംഗിന് അടിയന്തരപ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.
ഇന്ത്യാ-പാക് യുദ്ധം നടന്നാല്‍ അഫ്ഗാനില്‍ ഇടത്താവളമായി ഉപയോഗപ്പെടുത്തുന്നത് ഇന്ത്യയ്ക്ക് ഗുണപ്രദമാകും. ഇക്കാര്യം മുന്‍കൂട്ടിക്കണ്ടുകൂടിയാകാം ഈ നീക്കമെന്നും സൂചനയുണ്ട്.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ ഡിവിഷനുകളുടെ ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശാണ് താലിബാന്‍ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വ്യാപാര, ഗതാഗത സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തതായി അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങള്‍ പങ്കുവച്ചു. തുടര്‍ന്ന് കാബൂളിനും ന്യൂഡല്‍ഹിക്കും ഇടയിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുമായി ചര്‍ച്ച നടത്തി.
ഇന്ത്യ ഇതുവരെ താലിബാന്‍ ഘടനയെ പൂര്‍ണ്ണമായും അംഗീകരിച്ചിട്ടില്ല. ഒരു രാജ്യത്തിനെതിരെയും അഫ്ഗാന്‍ മണ്ണ് ഒരു ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിക്കരുതെന്നതാണ് ഇന്ത്യയുടെ നിലപാട്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്ര, ചരക്കുനീക്കം എന്നിവ സുഗമമാക്കേണ്ടതിന്റെ ആവശ്യകതയും അമീര്‍ ഖാന്‍ മുത്തഖി ചൂണ്ടിക്കാട്ടി. ബിസിനസുകാര്‍, രോഗികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള വിസ നല്‍കുന്ന പ്രക്രിയകള്‍ സാധാരണ നിലയിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നിലധികം മേഖലകളിലുടനീളം സഹകരണം കൂടുതല്‍ ആഴത്തിലാക്കുമെന്ന് ഇന്ത്യ ഉറപ്പുനല്‍കി. കാബൂളിനുള്ള സഹായം തുടരുമെന്നും അഫ്ഗാന്റെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യവും ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് അറിയിച്ചു.