പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാളിലും അമേരിക്കയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി. പൗരാവകാശ സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, എല്‍ജിബിടിക്യു+ അഭിഭാഷകര്‍, വെറ്ററന്‍മാര്‍, തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 150-ലധികം ഗ്രൂപ്പുകള്‍ രാജ്യത്തുടനീളമുള്ള 50 സംസ്ഥാനങ്ങളിലെ 1,200-ലധികം സ്ഥലങ്ങളില്‍ ‘ഹാന്‍ഡ്‌സ് ഓഫ്!’ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ഉടനടി അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രകടനങ്ങള്‍ സമാധാനപരമായിരുന്നു.
തീരുവ നയം, സമ്പദ്വ്യവസ്ഥ, കുടിയേറ്റം, മനുഷ്യാവകാശങ്ങള്‍ എന്നിവയുള്‍പ്പെടെ ട്രംപിന്റെയും എലോണ്‍ മസ്‌കിന്റെയും വിവിധ നയങ്ങള്‍ക്കെതിരെ പ്രകടനക്കാര്‍ പ്രതിഷേധിച്ചു. വെസ്റ്റ് കോസ്റ്റില്‍, ‘പ്രഭുവര്‍ഗ്ഗത്തിനെതിരെ പോരാടുക’ എന്ന മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ പ്രതിഷേധക്കാര്‍ പിടിച്ചിരുന്നു.
ആയിരക്കണക്കിന് ഫെഡറല്‍ തൊഴിലാളികളെ പിരിച്ചുവിടുക, സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഫീല്‍ഡ് ഓഫീസുകള്‍ അടച്ചുപൂട്ടുക, മുഴുവന്‍ ഏജന്‍സികളും അടച്ചുപൂട്ടുക, കുടിയേറ്റക്കാരെ നാടുകടത്തുക, ട്രാന്‍സ്ജെന്‍ഡര്‍ ജനതയ്ക്കുള്ള സംരക്ഷണം കുറയ്ക്കുക, ആരോഗ്യ പരിപാടികള്‍ക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കുക എന്നിവയ്ക്കുള്ള ട്രംപിന്റെ ഭരണകൂട നീക്കങ്ങളില്‍ ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചു.
ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും ഇറക്കുമതി തീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പാരീസ്, ലണ്ടന്‍, ബെര്‍ലിന്‍ എന്നിവയുള്‍പ്പെടെ മറ്റ് അന്താരാഷ്ട്ര തലസ്ഥാനങ്ങളിലും റാലികള്‍ നടന്നു. വാഷിംഗ്ടണ്‍ ഡിസിയിലെ പ്രതിഷേധങ്ങളില്‍ ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കളും പങ്കെടുത്തു.