തുറമുഖ ഉദ്ഘാടനം നാളെ രാവിലെ 11 -ന്
തിരുവനന്തപുരം | കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (വ്യാഴം) വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് തുറമുഖത്തിന്റെ ഔപചാരികമായ സമര്‍പ്പണം. തുറമുഖ പരിസരത്തെ ഒരു പ്രത്യേക വേദിയിലാകും ചടങ്ങ്.
ഇന്ന് വൈകുന്നേരം 7:50 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി രാത്രി നേരിട്ട് രാജ്ഭവനിലേക്ക് പോകും. വെള്ളിയാഴ്ചത്തെ അദ്ദേഹത്തിന്റെ യാത്രാ പരിപാടി ആരംഭിക്കുന്നത് രാവിലെ 9:30 ന് രാജ്ഭവനില്‍ നിന്ന് പാങ്ങോട് സൈനിക സ്റ്റേഷനിലേക്ക് പോകുന്നതോടെയാണ്. അവിടെ നിന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്തേക്ക് പോകും. രാവിലെ 10:30 ന് തുറമുഖത്ത് എത്തും.
തുറമുഖത്ത്, മാതൃ കപ്പലായ എംഎസ്സി സെലെസ്റ്റിനോ മാരെസ്‌കയുടെ വരവിനെ മോദി സ്വീകരിക്കും. തുറമുഖ സൗകര്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം, ചരിത്രപ്രധാനമായ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കും. അദ്ദേഹം ഹെലികോപ്റ്ററില്‍ പാങ്ങോടിലേക്ക് മടങ്ങുകയും വീണ്ടും രാജ്ഭവനിലേക്ക് പോകുകയും ഉച്ചയ്ക്ക് 12:30 ന് ഹൈദരാബാദിലേക്ക് പോകുകയും ചെയ്യും.
ഉദ്ഘാടന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍, കേരള മന്ത്രി വി.എന്‍. വാസവന്‍, തിരുവനന്തപുരം എംപി ശശി തരൂര്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി എന്നിവര്‍ പങ്കെടുക്കും. അദാനി ഗ്രൂപ്പുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത തുറമുഖം കേരളത്തെ അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിനും ചരക്ക് ട്രാന്‍സ്ഷിപ്പ്‌മെന്റിനുമുള്ള ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന്് ഉറപ്പാണ്.